കടത്തില്‍ നട്ടംതിരിഞ്ഞ് ബൈജൂസ്: കമ്പനികളെ വിറ്റൊഴിക്കുന്നു, വീട്ടേണ്ടത് 9956 കോടി
മലയാളി സംരംഭകനായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യു ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കട ബാദ്ധ്യതകളാല്‍ നട്ടംതിരിയുന്നു. അമേരിക്കയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനായി പണ്ട് വാങ്ങിയ കമ്പനികൾ വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 9956 കോടി രൂപയാണ് അമേരിക്കയില്‍ നിന്നും ബൈജൂസ് വായ്പെടുത്തത്. ഇത് തിരിച്ചടയ്ക്കുന്നതിനായി 8195 കോടി രൂപയ്ക്ക് ഏറ്റെടുത്ത രണ്ട് വിദേശ സ്ഥാപനങ്ങളാണ് ബൈജൂസ് വിറ്റൊഴിക്കുന്നതെന്ന് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെയാണ് ബൈജൂസ് വിറ്റഴിക്കുന്നത്. 2021 നവംബറില്‍ ബൈജൂസ് ഒരു കൂട്ടം വിദേശ നിക്ഷേപകരില്‍ നിന്ന് 1.2 ബില്യണ്‍ ഡോളറാണ് വായ്പയായി എടുത്തത്. ഇനി ആറ് മാസത്തിനുള്ളില്‍ ഈ വായ്പ തിരിച്ചടക്കണം. ഈ സാഹചര്യത്തിലാണ് കമ്പനികൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്.
ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാൻഡ് അംബാസിഡറായി ഫുട്ബോള്‍ താരം ലയണല്‍ മെസ്സി കരാറില്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോണ്സര് കൂടിയായിരുന്നു ബൈജൂസ് ആപ്പ്.