ദോഹ എക്സ്പോ; സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി
ലോകകപ്പ് ഫുട്ബാളിനുശേഷം ഖത്തറും മിഡിൽ ഈസ്റ്റും കാത്തിരിക്കുന്ന ദോഹ എക്സ്പോയിലേക്ക് സന്ദര്‍ശകര്‍ക്ക് നേരത്തേ തന്നെ വാതിലുകള്‍ തുറന്നുനല്‍കും. ഒക്ടോബര്‍ രണ്ടിനാണ് എക്സ്പോയുടെ ഔപചാരിക തുടക്കമെങ്കിലും സെപ്റ്റംബറില്‍ തന്നെ സന്ദര്‍ശകരെ വരവേല്‍ക്കാൻ എക്സ്പോ വേദി സജ്ജമാവുമെന്ന് ഇന്റര്‍നാഷനല്‍ കോഓർഡിനേഷൻ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ സിന്ദി പറഞ്ഞു. എക്സ്പോയുടെ പവിലിയനുകളും മറ്റും ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായും അദ്ദേഹം പ്രാദേശിക അറബ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
സെപ്റ്റംബര്‍ പകുതിയോടെ സന്ദര്‍ശകരെ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ”ലോകം വീണ്ടും ദോഹയില്‍ ഒത്തുചേരുകയാണ്. ലോകകപ്പ് ഫുട്ബാളില്‍ 14 ലക്ഷത്തോളം കാണികള്‍ ദോഹയിലെത്തിയിരുന്നു. രണ്ടു മാസത്തിനുശേഷം വീണ്ടും ദോഹയിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങും. 30 ലക്ഷത്തോളം സന്ദര്‍ശകരെ സ്വീകരിക്കാൻ ദോഹ എക്സ്പോ തയ്യാറായിക്കഴിഞ്ഞു. ഏറ്റവും മികച്ച സജ്ജീകരണങ്ങളും സാങ്കേതിക മികവുമായാണ് എക്സ്പോ സെൻറര്‍ തയാറെടുക്കുന്നത്. മരുഭൂവത്കരണം എന്ന വിഷയത്തില്‍ ശ്രദ്ധപതിപ്പിച്ച്, ഹരിത വിസ്തൃതിയും കൃഷിഭൂമിയും വര്‍ധിപ്പിക്കുക എന്നതില്‍ ഊന്നിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്” -അല്‍ സിന്ദി പറഞ്ഞു.
വെറുമൊരു പ്രദര്‍ശനത്തിനപ്പുറം ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്ക് കരുതല്‍ നല്‍കുകയും എക്സ്പോയുടെ പ്രധാന പദ്ധതികളുടെ ഭാഗമായുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ആനുപാതികമായി ബാധിക്കുന്ന അവികസിത രാജ്യങ്ങളെ പിന്തുണക്കുന്നതിന് എക്സ്പോ അവസരം നല്‍കുമെന്ന് ഖാലിദ് അല്‍ സിന്ദി പറഞ്ഞു. ”അവികസിത രാജ്യങ്ങള്‍ക്കായി 40 പവിലിയനുകള്‍ നീക്കിവെക്കും. എല്ലാവര്ക്കും തുല്യ അവസരങ്ങളുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കൂടാതെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും വിവിധ രാജ്യങ്ങളുമായി ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും പരിസ്ഥിതി പദ്ധതികള്‍ക്ക് ധനസഹായം കണ്ടെത്താനും അവര്‍ക്ക് അവസരം സൃഷ്ടിക്കും’ -അല്‍ സിന്ദി പറഞ്ഞു.