മദ്യം വിൽക്കാനും ബോളിവുഡിൽ സൂപ്പർതാര പോരാട്ടം; ഷാരൂഖ് ഖാനും സഞ്ജയ് ദത്തും തമ്മിൽ മത്സരം
ഇന്ത്യന്‍ സിനിമയിലെ താരങ്ങളുടെ ചക്രവര്‍ത്തിയായ ഷാരുഖ് ഖാന് ബിസിനസ് ലോകത്തും വിജയം കൊയ്യുന്ന ഒരു സംരംഭകനാണ്. ക്രിക്കറ്റും, സ്പോര്‍ട്സ് ലീഗും മുതല്‍ സിനിമ നിര്‍മാണവും മദ്യ കമ്പനിയും ഷാരുഖിന് സ്വന്തമായുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ തരംഗം സൃഷ്ടിക്കുന്ന ഇവരുടെ പുതിയ ഇന്ത്യന്‍ വിസ്കിയാണ് ഡി യാവോള്‍ ഇന്സെപ്ഷന്.
2024-ലെ ന്യൂയോര്‍ക്ക് വേള്‍ഡ് സ്പിരിറ്റ്സ് മത്സരത്തില്‍ ഷാരൂഖ് ഖാന്റെയും മകന് ആര്യന് ഖാന്റെയും ആഡംബര ബ്രാന്‍ഡ് സംരംഭമായ ഡി യാവോളിന്റെ ഇന്സെപ്ഷന് എന്ന പേരുള്ള സ്കോച്ച് വിസ്കി ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘മികച്ച ഹോള്‍ സ്കോച്ച്’ കൂടാതെ ‘ബെസ്റ്റ് ഓഫ് ക്ലാസ്’ ബ്ലെന്‍ഡഡ് മാള്‍ട്ട് സ്കോച്ച് വിസ്കി എന്നീ ബഹുമതികളും ഷാരൂഖിൻറെ ഈ ബ്രാന്‍ഡ് കരസ്ഥമാക്കി.
ഡിയാവോള്‍ പ്രധാനമായും വിസ്കിയും വോഡ്കയുമാണ് വിപണിയിലിറക്കുന്നത്. പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഉത്പന്നനിര. 3,900 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ത്യന്‍ വിപണിയില്‍ ചുരുങ്ങിയ കാലംകൊണ്ട് സ്വാധീനമുറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ലാബ് വെഞ്ചേഴ്സ് ആണ് ഡിയാവോള്‍ ബ്രാന്‍ഡിന്റെ മാതൃകമ്പനി. 12 വര്ഷമെടുത്താൻ ഈ സ്കോച് ഇവർ തയ്യാറാക്കുന്നത്. ടവ്നി തുറമുഖത്തും അപൂര്‍വമായ മഡെയ്റ കാസ്കുകളിലും വര്‍ഷങ്ങളോളം സൂക്ഷിച്ചാണ് ഇവർ സ്കോച് പാകപ്പെടുത്തി എടുക്കുന്നത്. ചോക്ലേറ്റ്, ഉണങ്ങിയ പഴങ്ങള്‍, ഓക്ക്, സുഗന്ധവ്യഞ്ജനങ്ങള്‍, പഴുത്ത പ്ലംസ്, മസാലകള്‍, വാനില എന്നിവയെല്ലാം ചേര്‍ത്താണ് ഈ സ്പെഷൽ സ്കോച്ച് വിസ്കി തയ്യാറാക്കുന്നത്.
എന്നാൽ ഷാരൂഖ് ഖാന് മാത്രമല്ല ബോളിവുഡില്‍ മദ്യ ബിസിനസില്‍ പണംമുടക്കിയിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്ലെന്‍വാക്ക് സ്കോച്ച് വിസ്കി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ വിപണിയുള്ള ഒരു കമ്പനിയാണ്. കഴിഞ്ഞ വര്‍ഷമാണ് സഞ്ജയ് ദത് ബിസിനസ് തുടങ്ങുന്നത്.
നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഏഴുമാസം കൊണ്ട് ആറുലക്ഷം കുപ്പി വിസ്കിയാണ് കമ്പനി വിറ്റത്. നിലവില്‍ 10 സംസ്ഥാനങ്ങളിലാണ് ഈ പ്രീമിയം ബ്രാന്‍ഡിന് മാര്‍ക്കറ്റുള്ളത്. കേരളത്തില്‍ ഇതുവരെ വില്പന തുടങ്ങിയിട്ടില്ല.ഉടനെ ഗ്ലെൻവാക് കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗ്ലെന്വോക്ക്സിന്റെ വിസ്കിയില്‍ നിന്നുള്ള വരുമാനത്തിന്റെ 45 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. നിലവില്‍ ഗോവ, ഡല്‍ഹി, പഞ്ചാബ്, ചണ്ഡിഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ദാമന്‍ ദിയു എന്നിവിടങ്ങളിലും ഗ്ലെന്വോക്ക്സിന് സാന്നിധ്യമുണ്ട്. കേരളത്തിലേക്ക് എത്തിയാൽ ഇപ്പോളത്തെ വില്പന റെക്കോഡുകൾ എല്ലാം തകരാനും സാധ്യതയുണ്ട്.
200 മില്ലി ലിറ്ററിന്റെ പുതിയ ബോട്ടിൽ പുറത്തിറക്കുന്നതിലൂടെ വില്പന വര്‍ധിപ്പിക്കാമെന്ന കണക്കു കൂട്ടലും ഈ കമ്പനിക്കുണ്ട്. പ്രീമിയം വിസ്കി നിര്‍മാതാക്കളായ കാര്‍ട്ടല്‍ ബ്രോസുമായി ചേര്‍ന്നാണ് സഞ്ജയ് ദത്ത് പുതിയ വ്യവസായത്തിലേക്ക് എത്തിയത്. 1,500-1,600 നിരക്കില്‍ ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള വില്പന തന്ത്രമാണ് ഗ്ലെന്വാക്കിന്റെ വിജയരഹസ്യം. വില കുറവുള്ള എന്നാല്‍ പ്രീമിയം ബ്രാന്‍ഡിലുള്ള വിസ്കിയെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ ദുബൈയിലും ഗ്ലെൻവാക് സാന്നിധ്യം അറിയിച്ചിരുന്നു.
ബോളിവുഡിലെ പഴയ സൂപ്പർ താരങ്ങളുടെ വാശിയേറിയ പോരാട്ടങ്ങൾ ഇനി നടക്കുന്നത് മദ്യ വിപണിയിൽ ആയിരിക്കും. ഇവരുടെ രണ്ടു പേരുടെയും ചുവട് പിടിച്ച്, ഇനിയെത്ര താരങ്ങൾ മദ്യ വ്യവസായത്തിലേക്ക് എത്തുമെന്നതും കണ്ടറിയണം.