സൗദി അറേബ്യയില്‍ ശീത തരംഗം ശക്തം;അതിശൈത്യം തുടരുന്നു
സൗദി അറേബ്യയില്‍ ശീത തരംഗം ശക്തമായതിനാല്‍ അതിശൈത്യം തുടരുന്നു . പശ്ചിമേഷ്യന്‍ മേഖലയില്‍ വീശിയടിക്കുന്ന ശീതതരംഗമാണ് സൗദി അറേബ്യയിലും അനുഭവപ്പെടുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും അതിശക്തമാണ്. അതിനാല്‍ തന്നെ താപനിലയിൽ ഗണ്യമായ കുറവാണു രേഖപ്പെടുത്തുന്നത് .
അല്‍ ഖസീം, റിയാദ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ താപനില താഴും എന്ന് മുന്നറിയിപ്പുണ്ട് .
സൗദി അറേബ്യയിലെ തബൂക്ക്, അല്‍ ജൗഫ്, ഹാഈല്‍ എന്നിവിടങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ രാവിലെ കടുത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും അറിയിപ്പുണ്ട് .നജ്റാൻ മേഖലയുടെ ചില ഭാഗങ്ങളിലും മക്ക, മദീന മേഖലകളിലും തണുത്ത കാലാവസ്ഥയും ചിലയിടങ്ങളില്‍ നേരിയ മഴയും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് .കടല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയിലെ ചിലഭാഗങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും ദ്വീപുകളിലും വടക്കന്‍ എമിറേറ്റുകളിലും മഴ ഉണ്ടാകുമെന്നും കാലാവസ്ഥ അറിയിപ്പിൽ പറയുന്നുണ്ട് .അന്തരീക്ഷം പൊടിമൂടിയിരിക്കാനും അന്തരീക്ഷ ഈർപ്പവും വർദ്ധിക്കാനും ഇടയുണ്ട് . വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് വീശുന്നതിനാല്‍ കാഴ്ച പരിധി കുറയും. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും.
ഒമാനില്‍ വടക്കന്‍ ഗവർണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മുസന്ദം, അല്‍ ഹജർ പർവ്വതനിരകള്‍, ഒമാന്‍ കടലിന്റെ ഭാഗങ്ങള്‍, താഴ്വരകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു .മിന്നല്‍ പ്രളയത്തിന് സാധ്യതയുളളതിനാല്‍ യാത്രകള്‍ ഒഴിവാക്കണം. കാറ്റ് വീശാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.