മൊഴി മാറ്റി ദിലീപിനൊപ്പം പോയ 28 പേർ: അതിജീവിതയെ ഞെട്ടിച്ചത് ഉറ്റ സുഹൃത്തായ ഭാമയുടെ കൂറുമാറ്റം
വാഹനത്തിനുളളിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ എട്ട് വർഷത്തോളമായി വിചാരണയും വാദപ്രതിവാദങ്ങളുമെല്ലാം കഴിഞ്ഞ അല്പസമയത്തിനകം വിധി വരികയാണ്. വിചാരണ കാലഘട്ടത്തിൽ നിരവധി നാടകീയമായ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. 28 സാക്ഷികളാണ് വിചാരണയ്ക്കിടെ മൊഴിമാറ്റിയത്. അതിൽ പ്രമുഖ സിനിമാ താരങ്ങൾ മുതൽ ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കളും ജീവനക്കാരും ആശുപത്രിയിലെ ഡോക്ടർമാർ വരെയുണ്ടായിരുന്നു.
അന്തിമവിധിയെ ഏറെ സ്വാധീനിക്കാനിടയുള്ള ഒന്നാണ് 28 പേരുടെ മൊഴി മാറ്റം.
സിദ്ധിഖ്, ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു, നാദിർഷാ , തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നു. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവായ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, ഗാര്‍ഡ് ദാസന്, സുഹൃത്ത് ബൈജു എന്നിവരും കൂറുമാറി.
കാവ്യമാധവന്റെ സഹോദരൻ മിഥുനും ഭാര്യ റിയയും കൂറു മാറിയവരുടെ കൂട്ടത്തിലുണ്ട്. ലക്ഷ്യയിൽ പൾസർ സുനി വന്നിരുന്നതായി ഇരുവരും പോലീസിന് ആദ്യം മൊഴി നൽകിയിരുന്നു.
ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലിലെ ജീവനക്കാരി ഷെര്‍ലി അജിത്താണ് മൊഴി മാറ്റിയ മറ്റൊരാൾ. സൗണ്ട് തോമ സിനിമ ചിത്രീകരണത്തിനായി ദിലീപ് നടന് മുകേഷിനൊപ്പം താമസിച്ച ഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഇവർ. ഇരുവർക്കുമൊപ്പം അതേദിവസം പള്‍സര്‍ സുനിയും ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നാണ് ഷെര്‍ലി പൊലീസിനോട് പറഞ്ഞത്. പോലീസിന് ഹോട്ടലിലെ രജിസ്റ്ററും കൈമാറിയിരുന്നു. എന്നാൽ ഇതെല്ലാം ഷെർലി പിന്നീട് നിഷേധിച്ചു. രജിസ്റ്റർ പോലീസിന് താൻ കൈമാറിയിട്ടില്ലെന്നും ഷെർലി പറഞ്ഞു.
നടൻ സിദ്ദിഖിന്റെ മൊഴിമാറ്റം വലിയൊരു തിരിച്ചടിയായിരുന്നു. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ദിലീപിനെതിരേ പോലീസില്‍ നല്കിയ മൊഴിയാണ് സിദ്ദിഖ് മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഒരു വാർത്താ സമ്മേളനത്തിൽ പരസ്യമായിത്തന്നെ ഈ മൊഴി മാറ്റിപ്പറഞ്ഞത് വാർത്തയായിരുന്നു.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന മൊഴിയും സിദ്ദിഖ് പൊലീസിന് നൽകിയിരുന്നു. കൊച്ചിയിലെ അമ്മ റിഹേഴ്സിൽ ക്യാമ്പിൽ ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞിരുന്നതായും സിദ്ദിഖ് ആദ്യം പറഞ്ഞിരുന്നു.
അമ്മ മുൻ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ദിലീപിനെതിരേ സമാനമായ മൊഴി നല്‍കിയിരുന്നു. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയ വിഷയം ദിലീപുമായി സംസാരിച്ചിരുന്നെന്ന് ഇടവേള ബാബു പോലീസിന് മൊഴി നൽകി. ഇവരുടെ മൊഴികള്‍ പോലീസ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എങ്കിലും കോടതിയിൽ ഇടവേള ബാബുവും മൊഴി മാറ്റി പറഞ്ഞു.
2020ൽ നടി ബിന്ദു പണിക്കരും പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞു. എന്നാൽ നടൻ കുഞ്ചാക്കോ ബോബൻ മൊഴിയിൽ ഉറച്ചു നിന്നു. മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന രീതിയിൽ ദിലീപ് തന്നോട് സംസാരിച്ചിരുന്നുവെന്ന് കുഞ്ചാക്കോ മൊഴി നൽകിയിരുന്നു. അമ്മയുടെ ഖജാൻജി ആയിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ആ സ്ഥാനം ഏറ്റെടുത്തത് എന്നും അത് അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നെന്നും കുഞ്ചാക്കോ മൊഴി നൽകി. ആക്രമിക്കപ്പെട്ട നടിയെ താൻ അഭിനയിച്ച ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചിരുന്നെന്നും കുഞ്ചാക്കോ മൊഴി കൊടുത്തു. ഇതിൽ അദ്ദേഹം ഉറച്ചു നിന്നു.
പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്നാണ് നാദിർഷ ആദ്യം പോലീസിന് നൽകിയ മൊഴി. ജയിലിനകത്ത് നിന്നാണ് പൾസർ സുനി നാദിർഷയെ വിളിച്ചത്. എന്നാല്‍ ഇദ്ദേഹവും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു.
എന്നാൽ ഏറ്റവും ഞെട്ടിച്ചത് നടി ഭാമയുടെ കൂറുമാറ്റം തന്നെ ആയിരുന്നു. അതിജീവിതയ്ക്കൊപ്പം ശക്തമായി നിലയുറപ്പിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഭാമയെ എല്ലാവരും അതുവരെ കണ്ടിരുന്നത്. പരസ്യമായി ഫേസ്ബുക്ക് പോസ്റ്റുകളിട്ടും മറ്റും ഭാമ തന്റെ പിന്തുണ അതിജീവിതയ്ക്ക് ഉറപ്പ് നൽകിയിരുന്നു. “ഈ കേസില്‍ എന്റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ” എന്നെല്ലാം സോഷ്യൽ മീഡിയയിൽ പറഞ്ഞ ഭാമ പെട്ടെന്നൊരു ദിവസം കൂറുമാറി.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കുന്ന മൊഴിയായിരുന്നു ഭാമയുടേത്. ‘അവൾ എന്റെ കുടുംബം തകർത്തവളാണ്, എന്നും ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കുമെന്നും ദിലീപ് പറഞ്ഞതായി ഭാമ മൊഴി പറഞ്ഞു. കൂറുമാറ്റ സംഭവത്തിനു പിന്നാലെ ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ കമന്റ് ഓപ്ഷൻ നീക്കം ചെയ്താണ് ഭാമ ആ പ്രതിഷേധത്തെ നേരിട്ടത്.
പിന്നീട് ചെറിയ ഇടവേള കഴിഞ്ഞാണ് ഭാമ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്. ആ സമയത്ത് ഭാമ എഴുതിയ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’, എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.
ഭാമ മൊഴി മാറ്റി പറഞ്ഞത് അതിജീവിതയെ ശരിക്കും ഞെട്ടിച്ചിരുന്നു, കാരണം ഇരുവരും അടുത്ത സുഹൃത്തക്കളായിരുന്നു. 2013 ലെ അമ്മ ഷോയിൽ അതിജീവിതയും ദിലീപും തമ്മിലുണ്ടായ പ്രശ്നത്തിലെ സാക്ഷിയാണ് ഭാമയെന്നാണ് ആദ്യം അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഭാമ മൊഴി മാറ്റിപ്പറഞ്ഞു.
”മറ്റൊരാൾക്ക് നിങ്ങളുണ്ടാക്കിയ വിഘാതം നിങ്ങൾക്ക് സംഭവിക്കുന്നത് വരെ അത് മനസിലാക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ – കർമ” എന്നാണ് ഭാമ മാെഴി മാറ്റിയ ദിവസം അതിജീവിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.
ഇന്നത്തെ വിധി എന്ത് തന്നെ ആയാലും ഈ കൂറ് മാറിയ സിനിമാക്കാരെ ഒന്ന് ഓർത്ത് വെക്കുന്നത് നല്ലതായിരിക്കും. ഈ അന്തിമ വിധിയിൽ ആ മൊഴിമാറ്റം ചെലുത്തിയ സ്വാധീനവും അൽപ സമയത്തിനിള്ളിൽ അറിയാൻ കഴിയും.












