കാർ തടഞ്ഞു നിർത്തി നാലരക്കോടി രൂപ കൊള്ളയടിച്ചു; പ്രതികൾ പിടിയിൽ

കഞ്ചിക്കോട് ദേശീയപാതയിൽ നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. മൂവരും പണം തട്ടിയ സംഘത്തിലെ അംഗങ്ങളാണ് എന്നാണ് സൂചന.ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം കവർന്നത്. മൂന്ന് കാറുകളിലും ടിപ്പർ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്.
പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.പാലക്കാട് നിന്നാണ് മൂവരെയും പിടികൂടിയത്. അന്വേഷണം തൃശൂരിലേക്കും ബംഗളൂരുവിലേക്കും വ്യാപിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം പണം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വാഹനങ്ങളിൽ ഒരെണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാരികളെന്ന വ്യാജേന പരാതി നൽകിയ പെരിന്തൽമണ്ണ സ്വദേശികൾക്ക് കുഴൽപ്പണ കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.