ലൈംഗിക തൊഴിലില്‍ ഏർപ്പെടാൻ നിർബന്ധിച്ചതിനെ എതിർത്ത യുവതിയെ ലിവ്-ഇൻ പങ്കാളിയെ യുവാവ് കുത്തിക്കൊന്നു

ആന്ധ്ര പ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയില്‍, ലൈംഗിക തൊഴിലില്‍ ഏർപ്പെടാൻ നിർബന്ധിച്ചതിനെ എതിർത്ത യുവതിയെ ലിവ്-ഇൻ പങ്കാളിയെ യുവാവ് കുത്തിക്കൊന്നു.
ബിസവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറില്‍ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍, പുഷ്പ എന്ന യുവതിയെ ഷെയ്ക് ഷമ്മ (22) ആണ് കൊലപ്പെടുത്തിയത്.
പുഷ്പ, ഭർത്താവില്‍ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി ഷമ്മയോടൊപ്പം വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. ലൈംഗിക തൊഴിലില്‍ ഏർപ്പെടാൻ പുഷ്പയെ നിർബന്ധിക്കുകയും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മില്‍ വീണ്ടും രൂക്ഷമായ വാഗ്വാദം ഉണ്ടായി. ലൈംഗിക തൊഴിലില്‍ ഏർപ്പെടില്ലെന്ന് പുഷ്പ ഉറപ്പിച്ച് പറഞ്ഞതോടെ, ഷമ്മ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പുഷ്പയുടെ നെഞ്ചിന്റെ ഇടതുവശത്തും കാലിലും കുത്തേറ്റു. ഇടപെടാൻ ശ്രമിച്ച പുഷ്പയുടെ അമ്മ ഗംഗയെയും സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റു. അമിത രക്തസ്രാവത്തെ തുടർന്ന് പുഷ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രജോളു സർക്കിള്‍ ഇൻസ്പെക്ടർ നരേഷ് കുമാർ അറിയിച്ചു. ഒളിവില്‍ കഴിയുന്ന ഷമ്മയെ പിടികൂടാൻ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം ആരംഭിച്ചു.