ബൈക്കപകടത്തിൽപ്പെട്ട സുഹൃത്തിനെ വഴിയരികിൽ ഉപേക്ഷിച്ചയാൾ പിടിയിൽ
ബൈക്ക് മറിഞ്ഞ് പരിക്കേറ്റ സുഹൃത്തിനെ രാത്രിയിൽ നടുറോട്ടിൽ ഉപേക്ഷിച്ചു പോയ സുഹൃത്ത് പൊലീസ് പിടിയിൽ. ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തിൽ നടുവിന് കാര്യമായ പരിക്കേറ്റ പുത്തൻപുരക്കൽ ചന്ദ്രൻ മരിച്ചത്.
ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് ചെങ്കുളത്തിനടുത്ത് നടുറോട്ടിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് തലേ ദിവസം രാത്രി ജിമ്മിയുടെ ബൈക്ക് നിയത്തിയിട്ടത് നാട്ടുകാർ കണ്ടിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലുള്ള ജിമ്മിയുടെ പങ്ക് വ്യക്തമായത്.
ചൊവ്വാഴ്ച രാത്രി ആനച്ചാലിലേക്ക് പോവും വഴിയാണ് ജിമ്മിയും ചന്ദ്രനും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ ചന്ദ്രന്റെ നടുവിന് കാര്യമായ പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്നുള്ള നൂലാമാലകൾ ഒഴിവാക്കാനാണ് കാര്യം ആരോടും പറയുകയോ ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതിരുന്നത് എന്നാണ് ജിമ്മി പൊലീസിന് നൽകിയ മൊഴി. വീഴ്ചയിൽ നട്ടെല്ലിനേറ്റ പരിക്കാണ് മരണകാരണം എന്നണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിമ്മി കുര്യാക്കോസിനെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Content highlights : accident death due to negligence