സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി കുറ്റക്കാരൻ
കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി. കോട്ടയം സെഷൻസ് കോടതിയാണ് ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി .കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയെയും ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.