ലണ്ടനിലെ ഹോട്ടലില്‍ എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയർ ഹോസ്റ്റസ് ഉണർന്ന് നിലവിളിക്കാൻ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.
‘പുലർച്ചെ 1.30ഓടെ യുവതിയുടെ മുറിയില്‍ ഒരാള്‍ അതിക്രമിച്ചു കടക്കുകയും ആക്രമിക്കുകയുമായിരുന്നു. ഞെട്ടിയുണർന്ന ജീവനക്കാരി സഹായത്തിനായി നിലവിളിച്ചു. വാതിലിനടുത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പ്രതി പിന്തുടർന്ന് പിടികൂടുകയും തറയില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു’- ബന്ധപ്പെട്ട വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.