ആലുവ ബാലികയുടെ കൊലപാതകം: അസ്ഫാകിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
ബാലികയെ പീഡിപ്പിച്ചുകൊന്ന അസ്ഫാക് ആലമിനെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷകസംഘം സംഭവം പുനരാവിഷ്കരിച്ചു.
ആലുവ മാര്ക്കറ്റിനുപിന്നിലെ കുറ്റിക്കാട്ടില്‍ മണല്‍ത്തിട്ടയില്‍ എത്തിച്ചാണ് കൃത്യം പുനരാവിഷ്കരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. പരിസരത്ത് ചെറിയ രീതിയില്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി അന്വേഷകസംഘം ബിഹാറിലേക്കും ഡല്‍ഹിയിലേക്കും തിരിച്ചു. എസ്ഐമാരുടെ നേതൃത്വത്തില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് ശനിയാഴ്ച യാത്രതിരിച്ചത്. പ്രതി അസ്ഫാക് ആലമിന്റെ വിലാസം, കുടുംബം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയ മുഴുവൻ വിവരങ്ങളും ശേഖരിക്കുകയാണ് ബിഹാറിലേക്ക് യാത്രയായ സംഘത്തിന്റെ ലക്ഷ്യം. ഇയാള്‍ ബിഹാര്‍ അരാരിയ സ്വദേശിയാണെന്ന് വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നേരത്തേ ലഭിച്ചിരുന്നു.
ഡല്‍ഹി ഗാസിപുരില്‍ 2018ല്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അസ്ഫാക് ഒരുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു.