തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി;അപ്പീൽ തള്ളി സുപ്രീം കോടതി
തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എംഎല്‍എ വിചാരണ നടപടികൾ നേരിടണമെന്ന് കോടതി വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിയില്‍ പിഴവില്ലെന്നും എം ആര് അജയന് ഹര്‍ജി നല്കാന് അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. 1990 ഏപ്രില്‍ 4-നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. സാങ്കേതിക കാരണങ്ങളാലാണ് ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ റദ്ദാക്കുന്നതെന്നും പുതിയ നടപടിക്രമങ്ങളുമായി വിചാരണക്കോടതിക്ക് മുന്നോട്ട് പോകാന്‍ തടസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത് .
വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. കേസില്‍ മെറിറ്റുണ്ടെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. നിരപരാധിയായിട്ടും 33 വര്‍ഷങ്ങളായി കേസിന് പിന്നാലെയാണ് താനെന്നുമായിരുന്നു ആന്റണി രാജു കോടതിയില്‍ വാദിച്ചത്.
കേസിലെ പ്രതികള്‍ അടുത്തമാസം 20നോ അല്ലെങ്കില്‍ അടുത്ത കോടതി പ്രവര്‍ത്തി ദിനത്തിലോ ഹാജരാക്കണം.സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി പോലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.