അനുപമ പത്മനും അനിതാകുമാരിയും പ്ലാൻ ചെയ്തത് ഹണി ട്രാപ്; പോക്സോ കേസിൽ കുടുക്കും എന്ന ഭീഷണിയും
ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഇതിന്റെ വിവരങ്ങൾ അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽനിന്ന് പോലീസിനു ലഭിച്ചു.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ എഴുതിവെച്ചു. കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കി ത്തീർക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ് തട്ടിപ്പിനു പദ്ധതി തയ്യാറാക്കി. ഓരോ സ്ഥലത്തും എത്താനും തിരിച്ചു പോകാനുമുള്ള വഴികളുടെ കൃത്യമായ വിവരം വരച്ചു സൂക്ഷിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരങ്ങളും ഇവർ ശേഖരിച്ച് അതെല്ലാം കുറിച്ചുവെച്ചിരുന്നു.
കാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പല കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. ഇവയിൽ ചിലത് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണത്തിനു സഹായകമായ പല വിവരങ്ങളും പൊലീസിന് ലഭിക്കുന്നുണ്ട് . കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമിൽ ഇന്നലെ നടന്ന തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു. പ്രതികൾ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസിൽ ബോക്സ് ഫാമിൽനിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു. ശനിയാഴ്ച ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ ബാഗ് ഫാമിൽവച്ച് കത്തിച്ചുകളഞ്ഞതായി പ്രതികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമിൽ നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.
ഇന്നലെ രാവിലെ 10.45-നാണ് പദ്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും മകൾ അനുപമയെയും ഫാമിൽ എത്തിച്ചത്. അവിടെനിന്ന് നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. അനിതകുമാരിയെ അടുത്തുള്ള വയലിൻറെ അടുത്തേക്ക് കൊണ്ടുപോയും തെളിവെടുത്തു. ഫാം ഹൗസിലെ ജീവനക്കാരി ഷീബയിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 12.15-ന് തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങി. പ്രതികളെ ഫാമിൽ എത്തിക്കുന്നതറിഞ്ഞ് പരിസരവാസികൾ റോഡിനുമുന്നിൽ തടിച്ചുകൂടിയിരുന്നു.
തെങ്ങുവിളയിലെ ഫാം ഹൗസ് ഇപ്പോളും ഒരു ദുരൂഹതയാണ്. പൊളിഞ്ഞതും പൊളിയാറായതുമായ കെട്ടിടങ്ങൾ ആണ് അവിടെ ഉള്ളത്. നായ്ക്കളെയും പശുക്കളെയും പാർപ്പിക്കാനുള്ളത് വേറെയും ഉണ്ട്. നശിച്ച് കൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളും അലങ്കാരച്ചെടികളും ഒരുപാടെണ്ണം അവിടെയുണ്ട്. കുരുമുളകും തെങ്ങും കമുകും പ്ലാവുകളും മഹാഗണിയുമെല്ലാം പറമ്പിൽ ധാരാളമുണ്ട്. ജലസേചന സൗകര്യമൊരുക്കാനും നായ്ക്കളെ പാർപ്പിക്കാനും കെട്ടിടങ്ങളുണ്ടാക്കാനും പദ്മകുമാർ ധാരാളം പണം ഇവിടെ ചെലവാക്കിയിട്ടുണ്ട്. പലതരം കൃഷികൾ ചെയ്യാൻ ഗ്രീൻ ഹൗസുകൾ ഒരുക്കിയെങ്കിലും അവയെല്ലാം തകർന്ന അവസ്ഥയിലാണ്. . പഴയൊരു കാറും ഇവിടെ മൂടിയിട്ടിട്ടുണ്ട്. നന്നായി നോക്കി നടത്തിയിരുന്നെങ്കിൽ ഇവിടെനിന്നു മാത്രം പദ്മകുമാറിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ഈ ഫാം വിൽക്കാനോ നന്നായി നോക്കിനടത്താനോ ഇയാൾ തയ്യാറാകാത്തതും പല സംശയത്തിനും ഇട നൽകുന്നുണ്ട്. ഹണിട്രാപ്പിനായോ മറ്റേതെങ്കിലും രീതിയിലുള്ള കുറ്റങ്ങൾ നടത്താനാണോ വേണ്ടിയാകും ഈ ഫാം ഇങ്ങനെ ഇട്ടിരിക്കുന്നത് എന്നാണ് സമീപവാസികൾ പറയുന്നത്.