ആലുവയിലെ കൊലയാളിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു; പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം
ആലുവയില്‍ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തെ തിരിച്ചറിയൽ പരേഡില്‍ മൂന്നൂ സാക്ഷികളും തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരേഡ് നടന്നത്.കേസിലെ നിർണായക സാക്ഷികളായ താജുദ്ദീൻ , കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടർ സന്തോഷ്, ബസിൽ ഇരുവരെയും കണ്ട സുസ്മിത എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അതേസമയം പ്രതി അസഫാക് ആലത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ കൊടും കുറ്റവാളിയാണെന്നും പോക്സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. ഡല്‍ഹി ഗാസിയാബാദിൽ 2018ലാണ് അസഫാക് ആലം ശിക്ഷ അനുഭവിച്ചത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. അതേസമയം പ്രതിയുടെ കസ്റ്റഡി സംബന്ധിച്ച പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പോക്സോ കോടതി പരിഗണിക്കും.