പ്രസവിച്ച് കിടന്ന യുവതിയെ കുത്തിവെച്ച് കൊല്ലാന്‍ ശ്രമം; നഴ്സ് വേഷത്തിലെത്തിയ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് പിടിയില്‍
പ്രസവിച്ചശേഷം ചികിത്സയിൽ കഴിയുന്ന യുവതിയെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് വ്യാജ നഴ്സ് ചമഞ്ഞ് ഇൻജക്ഷൻ നല്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(25)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇഞ്ചക്ഷൻ ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. പുളിക്കീഴ് പൊലീസാണ് അനുഷയെ അറസ്റ്റ് ചെയ്തത്. പിടിയിലായ അനുഷ സ്നേഹയുടെ ഭര്‍ത്താവിൻറെ സുഹൃത്താണ്. അനുഷ ഫാര്‍മസിസ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കിയതാണ്. നഴ്സിന്റെ വേഷം ധരിച്ചാണ് ആശുപത്രി മുറിക്കുള്ളില്‍ അനുഷ കയറിക്കൂടിയത്.
സിറിഞ്ചിലൂടെ ഞരമ്പിൽ വായു കടത്തിവിട്ട് ‘എയര്‍ എംബോളിസം’ നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ വായുകുത്തിവെച്ചാല്‍, തലച്ചോറിലേക്ക് കടക്കുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യും. ഹൃദയസ്തംഭനത്തിനും വഴിയൊരുക്കും. സ്നേഹ അപകടനില തരണം ചെയ്തിട്ടുണ്ട്.
യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.