നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ മർദനം; ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടോ ഡ്രൈവർ മർദിച്ചതിന് പിന്നാലെ ഗോവയിലെ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ (68) കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍ വെച്ച് മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് ഡ്രൈവര്‍ പലതവണ മംലേദറിനെ മര്‍ദിച്ചു. ഇതിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ മംലേദര്‍ കോണിപ്പടി കയറാന്‍ ശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറെ ബെല്‍ഗാവി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്നു മംലേദാര്‍. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. 2017ല്‍ വീണ്ടും പോണ്ടയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.