ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി; സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരൻ

ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരനെന്ന് ഡൽഹി പോലീസ്. വിദ്യാർഥി കുറ്റം സമ്മതിച്ചിട്ടുണ്ട്. മുൻപും ഇതേപോലെ സന്ദേശങ്ങൾ അയച്ചതായി വിദ്യാർഥി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിലെ 100ലധികം സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. വിപിഎൻ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചിരുന്നതിനാൽ പ്രതികളിലേക്ക് എത്താൻ വൈകുകയായിരുന്നു. ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ലായിരുന്നു.
രാജ്യത്തെ വിമാനത്താവളങ്ങൾക്കും റെയിൽവേ സ്റ്റേഷനും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്.