ഹെഗ്ഡേക്കായി കോൺഗ്രസ്സും ബിജെപിയും രംഗത്തിറങ്ങി; ധർമ്മസ്ഥലയിലെ തെരച്ചിൽ ഉടനെ അവസാനിപ്പിക്കും, മോക്ഷമില്ലാതെ മൃതദേഹങ്ങൾ ബാക്കിയാകുന്നു

കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരം കുഴിച്ചു മൂടിയെന്ന, മഞ്ചുനാഥസ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടന്നിരുന്നു. എന്നാൽ ഇത് ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തീവ്രഹിന്ദു ആക്ടിവിസ്റ്റുകളും ബിജെപി അനുകൂലികളും രംഗത്ത് വന്നു. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പ്രതിഷേധ റാലികള്‍ നടന്നു.
ചിക്കമംഗളുരുവില്‍ ബിജെപി അനുകൂലികളും തീവ്രഹിന്ദു ആക്ടിവിസ്റ്റുകളും പ്രതിഷേധ മാര്‍ച്ച് നടത്തി. . രണ്ടായിരത്തിലധികം പേരാണ് താലൂക്ക് ഓഫീസ് മുതല്‍ ആസാദ് പാര്‍ക്ക് വരെ രണ്ടുകിലോമീറ്റര്‍ ദൂരം മാര്‍ച്ചില്‍ പങ്കെടുത്തത്. ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. കൊപ്പലിലും മൈസുരുവിലും കലബുറഗിയിലും ഇതേ പോലെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്ന ഗിരീഷ് മട്ടന്നവര്‍, മഹേഷ് ഷെട്ടി തിമറോടി, യൂട്യൂബര്‍ സമീര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റാലിക്കാർ ആവശ്യപ്പെട്ടു. മൈസുരുവില്‍ ധര്‍മസ്ഥലയിലെ ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുളള പ്ലക്കാര്‍ഡുകളുമായാണ് ഹിന്ദു ആക്ടിവിസ്റ്റുകള്‍ പ്രതിഷേധത്തിനെത്തിയത്. എസ്ഐടി അന്വേഷണത്തില്‍ സുതാര്യത വേണമെന്നും ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. മുന്‍ ബിജെപി എംഎല്‍എ ദത്താത്രേയ പാട്ടീലും റാലിയിൽ പങ്കെടുത്തു. ധര്‍മസ്ഥലക്ക് കളങ്കം വരുത്താന്‍ ശ്രമിക്കുന്ന യൂട്യൂബര്‍മാര്‍ക്കും മറ്റ് വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഈ പ്രതിഷേധം ഉണ്ടാകും എന്ന് എല്ലാവരും നേരത്തെ കരുതിയതുമാണ്. ഹെഗ്ഡെ അതിനുള്ള കരുക്കൾ നീക്കാൻ സമയം എടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുത്വ സംഘടനകളുടെ ഈ പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നത്, ധര്‍മശാലയിൽ അതിക്രമം നടന്നട്ടുണ്ട് എന്ന് തന്നെയാണ്.
13 പോയിന്റുകളായി വേര്‍തിരിച്ച് നടത്തിയ തെരച്ചിലിൽ , നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും കണ്ടെത്തിയെന്നാണ് ഇന്ത്യാ ടുഡെയും ന്യൂസ് 18നും പറയുന്ന്. ഇത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ശരിവെക്കുന്നു. എന്നാല്‍ ഒറ്റ അസ്ഥി പോലും കിട്ടിയിട്ടില്ലെന്നും, ഇപ്പോള്‍ കുഴിക്കല്‍ നടക്കുന്ന 13-ാം പോയിന്റില്‍ നിന്നും മൃതദേഹ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, തിരച്ചില്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എസ്ഐടിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്.
പതിനൊന്നാമത്തെ പോയിന്റില്‍ നിന്ന് മാറി നടന്ന തിരിച്ചലിലാണ് ഏറ്റവും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത്. കാട്ടില്‍ മൂന്ന് മീറ്റര്‍ കുഴിച്ചപ്പോൾ നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാല്‍ എസ്ഐടി ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
അവിടുത്തെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഡെയെ ആണ് ആക്ഷന്‍ കമ്മറ്റി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. എന്നാല്‍ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പിന്തുണയുമായി ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും രംഗത്തുണ്ട്. ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര് അശോക രംഗത്ത് വന്നത്.
എന്നാൽ നൂറുകണക്കിന് ആളുകളുടെ ശവപ്പറമ്പാണ് ധര്‍മ്മസ്ഥല എന്ന് ആക്ഷന്‍ കമ്മറ്റി അംഗം ജയന്ത് ടി പറയുന്നു. യമുന, പത്മലത തുടങ്ങിയ നിരവധി പേരുകള്‍ക്കൊപ്പം, പേരറിയാത്ത നൂറുകണക്കിനാളുകളുടെ ശവങ്ങൾ ഇവിടെയുണ്ടെന്നും ജയന്ത് പറയുന്നു. ധർമ്മസ്ഥാലയിൽ ഒന്നും നടന്നിട്ടില്ല എന്ന് പോലീസ് പറയുമ്പോളും, കാണാതായ നൂറുകണക്കിന് ആളുകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല.