ഭീഷണിപ്പെടുത്തി കാറും 15 ലക്ഷം രൂപയും തട്ടിയെടുത്തെന്ന് പരാതി; കാറ് കണ്ടെത്തി പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നേമുക്കാൽ കോടി രൂപ
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ വെലിക്കാട്ട് നിന്ന് തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളുടെ കാർ കണ്ടെത്തി. കാറിൽ നിന്ന് ഒന്നേമുക്കാൽ കോടി രൂപയും പൊലീസ് കണ്ടെത്തി. മുൻവശത്തെ സീറ്റിനടയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ശനിയാഴ്ച വൈകീട്ടോടെയാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ സഞ്ചരിച്ച കാർ വേലിക്കാട്ട് എന്ന സ്ഥലത്തെത്തിയപ്പോൾ മോഷ്ടാക്കൾ തട്ടിയെടുക്കുകയായിരുന്നു. യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട ശേഷം 15 ലക്ഷം രൂപയും കാറും മൂന്ന് മൊബൈൽ ഫോണുകളും കവർന്നുവെന്നാണ് പരാതി.
നൊച്ചൂർ ഭാഗത്ത് ഉപേക്ഷിച്ച കാർ ശനിയാഴ്ച രാവിലെ ജി പി എസ് സംവിധാനമുപയോഗിച്ചാണ് കോങ്ങാട് പൊലീസ് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തുള്ള കോട്ടായി സ്റ്റേഷനിലെ പൊലീസുകാരും സ്ഥലത്തെത്തി. ഇതിന് ശേഷമാണ് കാണാതായ കാറാണ് ഇതെന്ന് സ്ഥിരീകരിച്ചത്.
കാറിൽ നടത്തിയ വിശദ പരിശോധനയിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളായി അടുക്കിവെച്ച നിലയാണ് പണം കണ്ടെത്തിയത്. പരാതിയിൽ പറയുന്നതിനേക്കാൾ കൂടുതൽ തുക കണ്ടെത്തിയതോടെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. മേലാർകോടിനടുത്ത ഒരാൾക്ക് കടം കൊടുക്കാനാണ് പണവുമായി എത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്.
ഫൊറൻസിക് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ടൌൺ, മുണ്ടൂർ, കോങ്ങാട് പ്രദേശങ്ങളിൽ ഇതിന് മുൻപും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. കാർ തട്ടിയെടുക്കുന്ന രീതിയുമുണ്ടെന്ന് പൊലീസ് പറയുന്നു. കുഴൽപ്പണക്കടത്തുകാരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
Content Highlights: Car Hijacked in Palakkad