വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ സംഭവത്തിൽ ദമ്പതികളുടെ നില ഗുരുതരം

വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ സംഭവത്തിൽ ദമ്ബതികളുടെ നില ഗുരുതരം. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റു.
ഇന്നലെയാണ് സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഇവരുടെ അയല്‍വാസിയായ വില്യം ദമ്ബതികളെ ആക്രമിച്ചത്. തീകൊളുത്തിയ ശേഷം ജീവനൊടുക്കിയ പ്രതിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി 8 മണിയോടെ പള്ളിയില്‍ നിന്ന് മടങ്ങിയ ക്രിസ്റ്റഫറിനെയും മേരിയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി വില്യം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
വില്യംസ് ഒറ്റയ്ക്കാണ് താമസം. ഇയാള്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ട്. സഹോദരൻ്റെ മകനെ ഇയാള്‍ മുൻപ് ആക്രമിച്ചിരുന്നു. ക്രിസ്റ്റഫറിൻ്റെ പറമ്ബിലേക്ക് വില്യംസ് മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം പിന്നീട് പല ഘട്ടങ്ങളിലായി തുടർന്നുവെന്നാണ് മനസിലാക്കുന്നത്. ഇതിൻ്റെ ഒടുവിലത്തെ സംഭവമാണ് ഇന്നലത്തെ ആക്രമണം. ദമ്ബതികളെ തീകൊളുത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയ വില്യംസ് വീട് അടച്ചുപൂട്ടി അകത്ത് തൂങ്ങിമരിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും മരിച്ചിരുന്നു.