കയ്യിൽ മാരകായുധങ്ങൾ ,എതിർത്താൽ ജീവൻ തന്നെയെടുക്കാം ;മലയാളികളുടെ പേടിസ്വപ്നമായി മാറിയ കുറവ സംഘം
കയ്യിൽ മാരകായുധങ്ങളുമായി അവരെത്തും…. എതിർത്താൽ ജീവനെടുക്കും, അതെ…മലയാളികളുടെ പേടിസ്വപ്നമായി മാറിയ കുറവ സംഘം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്. ആലപ്പുഴയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കുറുവ സംഘം പിന്നീട് വടക്കൻ പറവൂരിലും എത്തിയെന്ന വാർത്തകൾ പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായി ….
ആലപ്പുഴയിലെ മോഷണകേസിൽ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. കൈവിലങ്ങോടെ നഗ്നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിനു കണ്ടെത്താനായത്.
താരതമ്യേന ഉറപ്പ് കുറഞ്ഞ അടുക്കള വാതിലുകൾ തകർത്തായിരിക്കും വീടിന്റെ അകത്ത് പ്രവേശിക്കുക. സ്ത്രീകളും കുട്ടികളും പ്രായമായവരും താമസിക്കുന്ന സാധാരണക്കാരുടെ വീടുകൾ കേന്ദ്രികരിച്ചാണ് പ്രധാനമായും മോഷണം. എതിർത്താൽ ജീവനെടുക്കും,അക്ഷരാർത്ഥത്തിൽ മലയാളികളുടെ ഉറക്കം കെടുത്തുകയാണ് കുറവ സംഘം.
മോഷണം കുലത്തൊഴിലായി കാണുന്ന തമിഴ്നാട്ടിലെ ഗ്രാമം. തിരുച്ചിറപ്പിള്ളിക്ക് സമീപമുള്ള രാംജി നഗർ എന്ന തിരുട്ട ഗ്രാമമാണ് അതിൽ ഏറ്റവും കുപ്രസിദ്ധം. കൗമാരക്കാർ മുതൽ 60 വയസ്സ് കഴിഞ്ഞവർ വരെ കുലത്തൊഴിലിനിറങ്ങുന്നു.പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവുമെല്ലാം കൂടിച്ചേർന്നാണ് ഇവർ ഓരോ പ്രദേശങ്ങളിലേക്കെത്തുന്നത്. ആയുധധാരികളായ മോഷ്ടാക്കൾ എന്ന അർത്ഥത്തിൽ തമിഴ്നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് കുറവ സംഘം എന്ന പേര് ആദ്യമായി വിളിച്ചത്.എല്ലായിടത്തും ഇവർ മോഷണത്തിന് ഉപയോഗിക്കുന്നത് ഒരേ തന്ത്രങ്ങൾ ആണ്. മോഷണ വിജയത്തിനായി മറ്റുള്ളവരെ പരിക്കേൽപ്പിക്കാനും വേണ്ടിവന്നാൽ കൊല്ലാനും വരെ മടിക്കാത്തവരാണ് കുറുവാ സംഘങ്ങൾ എന്നതാണ് ഇവരെ ഇത്രയും ഭയപ്പെടാനുള്ള കാരണവും .നിലവിലെ കുറുവ സംഘത്തിൽ ഉള്ളവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നല്ല. ബോഡിനായ്ക്കന്നൂർ തഞ്ചാവൂർ മധുര എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിൽ ഉള്ളവരും ഇപ്പോൾ കുറുവ സംഘങ്ങളിൽ സജീവമാണ്.
ഒരു ദിവസം കൊണ്ട് മോഷണം ആസൂത്രണം ചെയ്തു മോഷിടിക്കുന്നവരല്ല കുറവ സംഘം.മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നേരത്തെ തന്നെ എത്തി എന്തെങ്കിലും തരത്തിലുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെടുന്നു,ആക്രി പെറുക്കിയും തുണിയും പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം ചെയ്യാനെന്ന വ്യാജേനയും നമുക്കിടയിലൂടെ അവർ വരുന്നു . ആ സമയം കൊണ്ട് ചുറ്റുപാടും നിരീക്ഷിച്ചു കയറേണ്ട വീടുകൾ ഏതൊക്കെയാണെന്ന് തീരുമാനിക്കും.കയ്യിൽ ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ഉള്ള മാരകായുധങ്ങൾ , കണ്ണുകൾ മാത്രം പുറത്താക്കി മുഖം മുഴുവൻ മറച്ചു അടിവസ്ത്രം മാത്രം ധരിച്ചു ദേഹത്ത് എണ്ണയും കരിയും പുരട്ടി അവരെത്തുന്നു….കുറുവ സംഘം …
ഒന്നോ രണ്ടോ മോഷ്ടാക്കളല്ല, മറിച്ച് വലിയൊരു സംഘം മോഷ്ടാക്കളുടെ കൂട്ടമാണിത്. കുറഞ്ഞത് മൂന്നുപേരായിരിക്കും ഒരു സ്ഥലത്തേക്ക് മോഷ്ടിക്കാൻ പോകുന്നത്.വീടിനടുത്ത് കുഞ്ഞുങ്ങൾ കരയുന്ന ശബ്ദമോ വാഹനാപകടത്തിന്റെ ശബ്ദമോ പൈപ്പ് തുറന്ന് വെള്ളം ഒഴുകുന്ന ശബ്ദമോ ഉണ്ടാക്കി വീട്ടുകാരുടെ ശ്രദ്ധ തിരിച്ചാണ് വീടിനകത്ത് കയറുന്നത്. വീട്ടുകാർ കണ്ടു എതിർത്താൽ കായികമായി നേരിടുന്നു…ചിലപ്പോൾ ജീവൻ വരെ എടുത്തേക്കാം…കുലത്തൊഴിലായതു കൊണ്ട് തന്നെ കുറ്റബോധം ലവലേശമില്ല .മോഷണം മുതൽ സംഘത്തലവൻ സൂക്ഷിച്ചുവെയ്ക്കും. ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെടുന്ന അവസ്ഥ വന്നാൽ തലവനെ രക്ഷപ്പെടുത്തി മറ്റുള്ളവർ പിടികൊടുക്കും. മറ്റുള്ളവർ പിടിക്കപ്പെട്ടാലും സംഘത്തലവൻ മോഷണം മുതലിൽ ഓരോരുത്തരുടെയും വിഹിതം കൃത്യമായി ഗ്രാമത്തിലുള്ള അവരുടെ വീടുകളിൽ എത്തിക്കും.
കുറുവ സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണ് കേരളം. മലയാളികളുടെ സ്വർണത്തോടുള്ള അഭിനിവേശമാണ് ഇതിന് കാരണമെന്നു ആക്ഷേപം . നന്നായി മലയാളം സംസാരിക്കാൻ അറിയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. കുറുവ സംഘത്തെ ചൂഷണം ചെയ്തു മറ്റു മോഷ്ടാക്കൾ വിലസുന്നുണ്ടോയെന്ന് വരും ദിവസങ്ങളിൽ ഒരുപക്ഷെ വ്യക്തമായേക്കും.അതിനായുള്ള വല കേരളപോലീസ് വിരിച്ചു കഴിഞ്ഞിട്ടുണ്ടാകും…
ഒന്നുമാത്രം ശ്രദ്ധിക്കുക രാത്രി കാലങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക . രാത്രി സമയത് അസാധാരണമായി എന്നെങ്കിലും തോന്നിയാൽ ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കുക .ചുറ്റുപാടും മതിയായ വെളിച്ചം ഉണ്ടെന്ന് ഉറപ്പുവരുത്തുക.ഭയമല്ല തികഞ്ഞ ജാഗ്രതയാണ് നമുക്കാവശ്യം .