മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡി ജി പി ; കേന്ദ്ര ലാബിലെ പരിശോധന അന്വേഷണം വൈകിപ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധനയില്‍ നിലപാടറിയിച്ച് ഡി ജി പി . മെമ്മറി കാര്‍ഡ് കേന്ദ്രലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഡിജിപി കോടതിയില്‍ അറിയിച്ചത്. കേസിൽ ചൊവ്വാഴ്ച വീണ്ടും വാദ൦ തുടരു൦. നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നതിനു സമ്മതമാണ് എന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചത്. നേരത്തെ ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനു വിരുദ്ധമായ നിലപാടാണ് ഇന്നു കോടതിയിൽ സ്വീകരിച്ചത്.
നേരത്തെ കേന്ദ്ര ഫോറൻസിക് ലാബിൽ കാർഡ് പരിശോധിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് പറ്റില്ലെന്നും അതു സംസ്ഥാനത്തെ ലാബുകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് അറിയിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനായിരുന്നു കോടതിയുടെ നിർദേശം. മെമ്മറി കാർഡിലെ ഫയലുകൾ പരിശോധിക്കുന്നത് കാർഡിന്റെ ഹാഷ് വാല്യു മാറുന്നതിന് ഇടയാക്കുമെന്നു സംസ്ഥാന ഫോറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നതിനെ എന്തുകൊണ്ടാണ് നേരത്തെ എതിർത്തത് എന്നു കോടതി ആരാഞ്ഞു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ എതിർപ്പില്ലെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേ സമയം കേസിൽ അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള ക്രൈംബ്രാഞ്ചിന്റെ പുതിയ അടവാണ് ഇതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചാൽ ഫലം ലഭിക്കുന്നതിനു കൂടുതൽ സമയമെടുക്കുമെന്നും കോടതിയെ അറിയിച്ചു. എന്നാൽ പരിശോധനയ്ക്ക് ഒരു സമയപരിധി നിശ്ചയിക്കാം എന്നായിരുന്നു കോടതിയുടെ മറുപടി. കേസിലുള്ള വാദം വരുന്ന ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു.
Content Highlights: DGP on Actress assault Case