കേസ് വഴിതെറ്റിക്കാൻ ദിലീപ് വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വരെ ഉണ്ടാക്കി; നടിയെ ആക്രമിച്ച കേസിൽ നാളെ വിധി പറയും
നടിയെ ആക്രമിച്ച കേസിലെ വിധി പറയുന്നത് നാളെയാണ്. ഒന്നാം പ്രതി ശിക്ഷിക്കപ്പെടുമോ എന്നാണ് മിക്കവാറും കേസുകളിൽ ആളുകൾ നോക്കുന്നത്. എന്നാൽ ഈ കേസിൽ എട്ടാം പ്രതിക്ക് എന്ത് സംഭവിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ജനപ്രിയ നടൻ ആയിരുന്ന ദിലീപാണ് ആ എട്ടാം പ്രതി.
എന്നാൽ ഇപ്പോൾ പോലീസിന്റെ കൂടുതൽ കണ്ടെത്തലുകൾ പുറത്ത് വരികയാണ്. ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന് ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേര്ക്ക പ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു.
ഇതിനുപുറമേ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച്, ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുക എന്നതായിരുന്നു ദിലീപിന്റെ ലക്ഷ്യം. കേസിന്റെ തുടക്കം മുതല്‍ ദിലീപ് ഉയര്‍ത്തിയ പ്രധാന വാദങ്ങളിലൊന്ന് താന്‍ ഒരു ഇരയാണ് എന്നതായിരുന്നു.
ഈ കേസിന്റെ തുടക്കം മുതൽ, നാണംകെട്ട ഒരു സംഘടനയാണ് ‘അമ്മ എന്നത്. താരസംഘടനയായ ‘അമ്മ’ എടുത്ത നിലപാടുകളാണ് ഓരോ ഘട്ടത്തിലും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. മൊഴിമാറ്റിയും ജയിലിൽ എത്തി ദിലീപിന് പിന്തുണ നൽകിയും നിരവധി താരങ്ങൾ രംഗത്ത് വന്നു. അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്ന സിനിമയിലെ വനിതാ കൂട്ടായ്മയായ WCC അംഗങ്ങൾക്ക് അവസരങ്ങൾ പലതും നഷ്ട്ടമായി.
അക്രമിക്കപ്പെട്ട നടിക്കുവേണ്ടി ശബ്ദമുയർത്തിക്കൊണ്ടാണ് ‘അമ്മ’ തുടക്കത്തിൽ രംഗത്തെത്തിയത്. എന്നാൽ, സിനിമാ ലോകത്തെ അതികായനായ ദിലീപ് കേസിൽ പ്രതിയായി അറസ്റ്റിലായതോടെ സംഘടനയുടെ നിലപാട് മാറി. താരത്തിന്റെ അറസ്റ്റിനുശേഷം, പല മുതിർന്ന താരങ്ങളും ദിലീപിന് അനുകൂലമായി പ്രസ്താവനകൾ ഇറക്കി. നിർണായക ഘട്ടത്തിൽ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരരാജാക്കന്മാർ മൗനം പാലിച്ചത് വലിയ ചോദ്യചിഹ്നമായി.
പൊതുസമൂഹത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ, സംഘടനയ്ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു. പൃഥ്വിരാജ്, ആസിഫ് അലി അടക്കമുള്ളവർ ദിലീപിനെ പുറത്താക്കണമെന്ന നിലപാടിലുറച്ചു നിന്നതോടെയാണ് മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര യോഗം ആയ തീരുമാനം എടുത്തത്.
ദിലീപിനുനേരെ ആരോപണങ്ങൾ ഉയർന്ന ഉടൻതന്നെ ലാൽ ജോസ് ,സലിംകുമാർ. അജുവർഗീസ് തുടങ്ങിയവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 2017 ജൂൺ 23ന് നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതിനെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേരെ എംഎൽഎമാർ കൂടിയായിരുന്ന നടൻ മുകേഷും ഗണേഷ് കുമാറും പൊട്ടിത്തെറിച്ചു.
ദിലീപിനെ യാതൊരു സംശയവും ഇല്ലെന്ന് ഇരുവരും പറഞ്ഞു. ഇന്നസെന്റും ദിലീപിനെ ചേർത്തു പിടിച്ചു. എന്നാൽ രണ്ടു വെള്ളത്തിലും ചവിട്ടി നിൽക്കുന്ന, നിലപാടാണ് മോഹൻലാൽ എടുത്തത്. രണ്ടുപേരും അമ്മയുടെ മക്കളാണെന്നും രണ്ടുപേരെയും ചേർത്തുപിടിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ, യാതൊരുവിധ ചർച്ചകളും ഇല്ലാതെ സംഘടനയിലേക്ക് ‘അമ്മ’ തിരികെ എടുത്തു.
ഈ നടപടിയിൽ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ ഉൾപ്പെടെ നാല് നടിമാർ സംഘടനയിൽനിന്ന് രാജിവച്ച് ഇറങ്ങിപ്പോയി.കേസിന്റെ വിചാരണാ വേളയിൽ, പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന പ്രമുഖ താരങ്ങൾ മൊഴി മാറ്റി. സിദ്ദീഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവർ കൂറുമാറിയതായി പ്രഖ്യാപിക്കപ്പെട്ടു.
ദിലീപ് ജയിലിലായിരുന്നപ്പോൾ ഗണേഷ് കുമാർ, ജയറാം, സിദ്ദീഖ്, വിജയരാഘവൻ,ആന്റണി പെരുമ്പാവൂർ, നദിർഷാ ഉൾപ്പെടെയുള്ള പ്രമുഖർ ജയിലിലെത്തി സന്ദർശനം നടത്തിയത് ഏറെ വിവാദമായിരുന്നു. 85 ദിവസം ജയിലിൽ കിടന്ന ദിലീപിനെ കാണാൻ എത്തിയത് 78 സന്ദർശകരാണ്. ഇതിൽ ഭൂരിഭാഗവും സിനിമാപ്രവർത്തകരായിരുന്നു.
നാളെ വിധി വരുമ്പോൾ എട്ടാം പ്രതി ചിലപ്പോൾ ശിക്ഷിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ വെറുതെ വിട്ടേക്കാം. എന്നാൽ വെറുമൊരു ഡ്രൈവർ ആയിരുന്ന പൾസർ സുനി, അക്കാലത്ത് തിളങ്ങി നിന്നിരുന്ന, സിനിമയിലെ എല്ലാ പ്രമുഖരുടെയും സുഹൃത്ത് ആയിരുന്ന ഒരു നടിയെ ആക്രമിക്കാൻ എങ്ങനെ ധൈര്യപ്പെട്ടു എന്നത് ഒരു ചോദ്യമായി നിലനിൽക്കും. ഒരു പ്രമുഖ വ്യക്തിയുടെ പിന്തുണ ഇല്ലാതെ പൾസർ സുനി ഇങ്ങനെയൊരു കാര്യം ചെയ്യാൻ ഇറങ്ങില്ല എന്നതാണ് സത്യം. ദിലീപ് അല്ലെങ്കിൽ ആരാണ് അതിന് പിന്നിൽ ഉണ്ടായിരുന്നത് എന്നാണ് ചോദ്യം.
എന്തായാലും ഒരു കാര്യത്തിൽ മലയാളികൾക്ക് സമാധാനിക്കാം. ഈ വിധി വരുമ്പോൾ ചാനലിൽ കയറി ഊളത്തരം വിളിച്ച് പറയാൻ ഒരാളുടെ കുറവ് ഉണ്ടാകും. നിരാഹാരം നിർത്തി ദോശയും ചമ്മന്തിയും കഴിച്ച് ആ തന്ത്രി കുടുംബത്തിലെ നിരീക്ഷകൻ ജയിലിൽ കിടന്ന് ഉറങ്ങുന്നുണ്ട്.
”ഇട്ട വീഡിയോകൾ റിമൂവ് ചെയ്തോളാം’ എന്നും അതിജീവിതക്ക് എതിരായി ഇനിയൊരു വാക്ക് പോലും മിണ്ടില്ലെന്നും രാഹുൽ ഈശ്വർ എന്ന സാമൂഹിക വിപത്ത് വിളിച്ച് പറഞ്ഞിട്ടുണ്ട്.
അടുത്ത ദിവസം ദിലീപ് കേസിൽ വിധി വരുമ്പോൾ ചാനലിൽ വന്നിരുന്നു ഛർദിക്കാൻ ഇനി വേറെ ആരെയെങ്കിലും കണ്ടെത്തണം.













