അനധികൃത ഖനനം; ബ്രിജ്ഭൂഷണിന് എതിരെ അന്വേഷണത്തിന് ഉത്തരവ്
ഗുസ്തിതാരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍സിങ്ങിനെതിരെ അനധികൃത ഖനന പരാതിയില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലെ മൂന്ന് ഗ്രാമം കേന്ദ്രീകരിച്ച് ബ്രിജ്ഭൂഷണ് അനധികൃത ഖനനം നടത്തുന്നെന്നാണ് പരാതി. പരാതി പരിഗണിച്ച ജസ്റ്റിസ് അരുണ്‍കുമാര്‍ ത്യാഗി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ പരിസ്ഥിതിക്ക് ഗുരുതരാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടി വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. വനംപരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീൻഗംഗാ മിഷൻ, യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ജില്ലാമജിസ്ട്രേട്ടും അംഗങ്ങളായ സംയുക്ത സമിതി ഉടൻ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുക്കണം. ചട്ടലംഘനങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തണം. രണ്ടുമാസത്തിനുള്ളില്‍ തുടര്‍നടപടിയും പരിഹാരമാര്‍ഗങ്ങളും ശുപാര്‍ശ ചെയ്യണം എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. നവംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.