ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അംഗം അറസ്റ്റിൽ

ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമ്മിച്ച് വിറ്റ്, തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിലായി. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജങ്ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയാണ് ബൈജു ഖാൻ.
പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ഇയാൾ. ടിബി ജങ്ഷനിൽ ഇയാൾക്ക് രണ്ട് ലോട്ടറി കടകളുണ്ട്. യഥാർത്ഥ ടിക്കറ്റുകൾ ഏജൻസിയിൽ നിന്നു വാങ്ങിയ ശേഷം, അതേ മാതൃകയിൽ കളർ പ്രിന്റ് എടുക്കും. കഴിഞ്ഞ ഡിസംബർ 12 മുതൽ 24 വരെ ഈ കള്ള ടിക്കറ്റ് ഇയാൾ വിൽപന നടത്തിയിരുന്നു.