കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ മുൻ അദ്ധ്യക്ഷന് 40 വർഷം തടവ്

ഓസ്ട്രേലിയയിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ മുൻ അദ്ധ്യക്ഷന് 5 കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ 40 വർഷം തടവ്. ഹിന്ദു കൗൺസിൽ വക്താവ് കൂടിയായ ബലേഷ് ധൻകറിനെയാണ് സിഡ്നിയിലെ ഡൗനിങ് സെന്റർ ജില്ലാ കോടതി ശിക്ഷിച്ചത്.
അഞ്ച് കൊറിയൻ യുവതികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഓസ്ട്രേലിയയിൽ ജോലിക്കുളള പരസ്യം നൽകിയാണ് ഇയാൾ യുവതികളെ കെണിയിൽ വീഴ്ത്തിയത്. ബലാത്സംഗം ചെയ്തതിന് 13 കേസുകളും പീഡിപ്പിക്കുന്നതിനായി ലഹരി വസ്തുക്കൾ നൽകിയതിന് ആറ് കേസുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്. ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും ഇയാൾക്കെതിരെയുണ്ട്.
കൊറിയൻ യുവതികളോട് പ്രത്യേക താത്പര്യമുണ്ടായിരുന്ന ബലേഷ് കൊറിയൻ-ഇംഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് പറഞ്ഞ് വ്യാജ പരസ്യം നൽകിയാണ് യുവതികളെ ഓസ്ട്രേലിയയിലേക്ക് വരുത്തിയത്. ജോലി അന്വേഷിച്ച് എത്തിയ യുവതികളെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മദ്യത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
മുറിയിലെ ക്ലോക്കിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ദൃശ്യങ്ങൾ യുവതികളുടെ പേരിൽ പ്രത്യേകം ഫോൾഡറിലാക്കി സൂക്ഷിക്കുകയും ചെയ്തു. യുവതികളുടെ പേരും ഇ-മെയിൽ വിലാസവും മറ്റ് വിവരങ്ങളും അടങ്ങിയ ലെഡ്ജറുകളും ഇയാൾ സൂക്ഷിച്ചിരുന്നു.
2023ൽ ബലേഷ് കുറ്റക്കാരനാണെന്ന് സിഡ്നി ജൂറി കണ്ടെത്തിയിരുന്നു. 2018 ജനുവരി മുതൽ ഒക്ടോബർ വരെ 39 കുറ്റങ്ങളാണ് ബലേഷ് ധൻകറിനെതിരെ ചുമത്തിയിട്ടുളളത്.