എട്ട് വര്‍ഷമായി ഇന്ത്യയില്‍ തങ്ങുന്നു; മുനമ്പത്ത് നിന്നും ബംഗ്ലാദേശ് സ്വദേശി പിടിയില്‍

എട്ട് വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് സ്വദേശി തപന്‍ ദാസി (37) നെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. നാലുമാസമായി ഇയാൾ ഒരു മീന്‍പിടിത്ത ബോട്ടില്‍ ജോലി ചെയ്തുവരുകയായിരുന്നു.
ഓപ്പറേഷന് ക്ലീന്‍ പദ്ധതിയില്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.
എട്ടുവര്‍ഷം മുന്‍പ് ബംഗ്ലാദേശില്‍നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട ഇയാള്‍ പശ്ചിമ ബംഗാളിലെത്തി. പിന്നീട് പശ്ചിമ ബംഗാള്‍ വിലാസത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. ശേഷം കേരളത്തിലെത്തി ബേപ്പൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടു. നാലുമാസം മുന്‍പാണ് മുനമ്പത്ത് എത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. വി.എസ്. നവാസ്, മുനമ്പം ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണന്, ഇന്‍സ്പെക്ടര്‍ കെ.എസ്. സന്ദീപ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്. ഇതോടെ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി റൂറല്‍ ജില്ലയില്‍ ഒന്നര മാസത്തിനുള്ളില്‍ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 38 ആയി.