ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാനാകില്ല, പരാതി നല്കാൻ മുന്നോട്ടുവരണം- വനിതാ കമ്മിഷൻ
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേല് സ്വമേധയാ കേസെടുക്കാൻ സാധിക്കില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മൊഴി നല്കിയവർ പരാതിയുമായി വരണമെന്നും റിപ്പോർട്ടില്‍ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജിയില്‍ ഹൈക്കോടതി വനിതാകമ്മിഷനെ കക്ഷി ചേർത്ത സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
പൊതുതാല്പര്യ ഹർജിയില്‍ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാല്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് ചെയ്യും. വിഷയത്തില്‍ നിർമാതാവ് സജിമോൻ പാറയില്‍ നല്കിയ ഹർജിയില്‍ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ട് കമ്മിഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ മേഖലയുള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ കമ്മീഷൻ പിന്തുണക്കും.
സിനിമാ മേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ നിലവിലെ നിയമവ്യവസ്ഥയില്‍ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. മൊഴികള്‍ നല്കിയവർ പരാതി നല്കാൻ മുന്നോട്ടു വരണം. ഏതു തൊഴില്‍ മേഖലയിലും ഇതുപോലെ സ്ത്രീകള്‍ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ടു വരണമെന്നാണ് കമ്മീഷൻ നിലപാടെന്നും സതീദേവി പറഞ്ഞു.