സാമ്പത്തിക തര്‍ക്കം; രാമപുരത്ത് വ്യാപാരി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു

പാല രാമപുരത്ത് വ്യാപാരി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് മരിച്ചത്. 54 വയസ്സായിരുന്നു. രാമപുരത്ത് കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തിവരുന്ന തുളസീദാസ് എന്നയാളാണ് അശോകനെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
ആക്രമണത്തില്‍ 85 ശതമാനം പൊള്ളലേറ്റ അശോകനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാവിലെ 10.30 നാണ് രാമപുരത്ത് കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തിവരുന്ന പ്രതി തുളസി ദാസ് അശോകനെ ആക്രമിച്ചത്.
അശോകന്റെ കെട്ടിടത്തില്‍ സിമന്റ് വ്യാപാര സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് തുളസിദാസ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാവിലെ പെട്രോളുമായി ജ്വല്ലറിയില്‍ എത്തിയ തുളസിദാസ് അശോകനെ പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു. അശോകനെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ട പ്രതി പിന്നീട് രാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു.