വീഡിയോ ഇറക്കിയ കെ എം ഷാജഹാൻ ശരിക്കും പെട്ടു, അറസ്റ്റ് ചെയ്യാൻ നീക്കം; വ്യാജ ലൈംഗിക ആരോപണത്തിലൂടെ അപമാനിച്ചതിന് നാല് എംഎൽഎമാർ കൂടി കേസ് കൊടുത്തു

സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ ഉൾപ്പെടെ നൂറോളം സോഷ്യൽ മീഡിയ ഹാൻഡലുകൾക്കെതിരെയാണ് പരാതിയുള്ളത്.
കൂടാതെ കോൺഗ്രസ് നേതാക്കളായ ജിന്റോ ജോൺ, ഗോപാലകൃഷ്ണൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കെഎം ഷാജഹാനെതിരെ എറണാകുളം ജില്ലയിലെ CPM എം എൽ എമാരും പരാതി നൽകിയിട്ടുണ്ട്.
മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്. കെ എം ഷാജഹാന് അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.
കെ എം ഷാജഹാനെതിരെ നാല് സിപിഐഎം എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. വൈപിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍, കൊച്ചി എംഎല്‍എ കെ ജെ മാക്സി, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരാണ് പരാതി നല്‍കിയത്.
എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎല്‍എമാരെ സംശയത്തിൻറെ നിഴലില്‍ നിര്‍ത്തുന്ന വിധത്തിൽ കെ എം ഷാജഹാന് വീഡിയോ ചെയ്തിരുന്നതായി എംഎല്‍എമാര്‍ പറഞ്ഞിരുന്നു. വാസ്തവ വിരുദ്ധമായ ഈ വീഡിയോ പങ്കുവെച്ച ഷാജഹാനെതിരെ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമായിരുന്നു എംഎല്‍എമാര്‍ പരാതി നല്‍കിയത്.
അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ ടീച്ചർ നല്കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍ ഉൾപ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്.
സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്.
തനിക്കെതിരെ ഒരു ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്ത്തകന് നല്‍കിയിരുന്നു വെന്ന് ഷൈന്‍ ചാനലുകളോട് പറഞ്ഞിരുന്നു.ഒരു എംഎൽഎയെ ചേർത്ത് കൊണ്ടാണ് ഇത് വരുന്നതെന്നും അയാൾ സൂചന നൽകിയിരുന്നു. അതുകൊണ്ട് തന്ന്നെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ വ്യാജ ആരോപണങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമാണെന്നും കെ ജെ ഷൈൻ ടീച്ചർ പറഞ്ഞിരുന്നു.
അതേപോലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയാതെ ഇതൊന്നും നടക്കില്ലെന്നും ഷൈൻ ടീച്ചർ പ്രതികരിച്ചിരുന്നു. സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം എന്ന തലക്കെട്ടോടെയാണ് ഷൈൻ ടീച്ചർ ഈ വ്യാജ ആരോപണത്തിന് എതിരായി പോസ്റ്റ് ഇട്ടത്.
എന്തായാലും കടുപ്പത്തിൽ പണി കിട്ടാൻ പോകുന്നത് ഷാജഹാൻ സാറിന് തന്നെയായിരിക്കും. ഒരു വീഡിയോ ഉണ്ടാക്കിയെടുത്താണ് അദ്ദേഹം ഈ അപവാദം പ്രചരിപ്പിച്ചത്. അതേത്തുടർന്നാണ് സംഭവം കൂടുതൽ ആളുകളിലേക്ക് എത്തിയതും.
കെ എം ഷാജഹാനെതിരെ ബാർ കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ എ കെ മായാകൃഷ്ണനാണ് പരാതി നൽകിയത്. ഷൈൻ ടീച്ചർക്കെതിരെ യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച ഷാജഹാനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അഭിഭാഷക സമൂഹത്തിനും പൊതു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണ് ഷാജഹാനിൽ നിന്നുണ്ടാകുന്നത്. അപകീർത്തികരവും മാനഹാനി വരുത്തുന്നതുമായ സൈബർ ബുള്ളിയിങ്ങാണ് അഭിഭാഷകൻ കൂടിയായ കെഎം ഷാജഹാൻ നടത്തുന്നത് എന്നും പരാതിയിൽ പറയുന്നു.
ഈ വ്യാജ ആരോപണത്തിന് തുടക്കം കുറിച്ചവരിൽ ഒരാളാണ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്ന കോൺഗ്രസ്സ് പ്രവർത്തകൻ. അതേപോലെ പലരും ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടു പിൻവലിച്ചിട്ടും, അങ്ങനെ ചെയ്യാതെ അത് സത്യാമാണെന്ന് പറഞ്ഞ്, ഇപ്പോളും ഉറച്ച് നിക്കുന്ന ഒരാളാണ് കോൺഗ്രസ്സ് നേതാവായ ജിന്റോ ജോൺ.