പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സഹോദരന് പീഡിപ്പിച്ചു
രാജസ്ഥാൻ : പാലി ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരനെ പോക്സോ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് വര്‍ഷമായി സഹോദരൻ പീഡിപ്പിക്കുന്ന പെണ്‍കുട്ടി പ്രായ പൂര്‍ത്തിയായ ശേഷമാണ് പരാതി നല്‍കുന്നത്.
പീഡന വിവരം നേരത്തെ തന്നെ പെണ്‍കുട്ടി അമ്മയെ അറിയിച്ചിരുന്നു എങ്കിലും ദുരഭിമാനത്തിന്റെ പേരില്‍ സംഭവം മൂടി വെക്കുകയായിരുന്നു. എസ്പി യുടെ നിര്‍ദേശത്തില്‍ ബാലി സ്റ്റേഷൻ പൊലീസ് ഓഫീസര്‍ വിക്രം സിംഗാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
2020 തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സഹോദരൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു . പീഡിപ്പിച്ച വിഷയം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഹോദരൻ പീഡനം തുടര്‍ന്നത്. തീര്‍ത്തും മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പെണ്‍കുട്ടി വിഷയം അമ്മയോട് പറഞ്ഞപ്പോള്‍ ദുരഭിമാനത്തിന്റെ പേരില്‍ വിഷയം മൂടിവെക്കപ്പെട്ടു. എന്നാല്‍ പ്രതി തുടര്‍ന്നും നിരവധി തവണ സഹോദരിയെ പീഡനത്തിനിരയാക്കി. പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിതന്നെയാണ് സ്റ്റേഷനില്‍ നേരിട്ടെത്തി പീഡന വിവരം അറിയിക്കുന്നത് .
പീഡിപ്പിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് പോക്സോ പരിധിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എസ്.എച്ച്.ഒ വിക്രം സിംഗ് പറഞ്ഞു. കേസില്‍ അറസ്റ്റ് ചെയ്ത പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആഗസ്ത് 10ന് പ്രത്യേക പോക്സോ കോടതി മുൻപാകെ പ്രതിയെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.