നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ് :കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അൻവറും അനുയായികളും സംഘം ചേർന്ന് ഓഫീസ് ആക്രമിക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ .
11 മണിയോടെ പി വി അൻവറും സംഘവും ഫോറസ്റ്റ് ഓഫീസിലേക്കെത്തി. മുദ്രാവാക്യം വിളിച്ച പ്രതിഷേധിക്കുന്നതിനിടയിൽ പത്തോളം പേർ അവിടെ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഓഫീസിന്റെ ഡോർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന ക്ലോക്ക്, ചെയറുകൾ, ട്യൂബ് ലൈറ്റുകൾ തുടങ്ങിയവയ്ക്ക് നാശനഷ്ടം വരുത്തി. 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് .
കേസിൽ പി വി അൻവർ ഒന്നാം പ്രതിയാണ്. അൻവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ക്രിമിനൽ സ്വഭാവമുള്ള യുവാക്കളെ ഉൾപ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പി വി അൻവറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് പ്രതികൾ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. കൂടുതൽ കാര്യങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്ന കാര്യം നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുള്ളതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.