ഇടുക്കിയിൽ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം റോഡരികിൽ തള്ളി
കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് ”കേടായ പന്നിമാംസം” എന്ന പേരിൽ പായയിൽ പൊതിഞ്ഞ്, റോഡരികിൽ തള്ളി. ഇന്നലെയാണ് മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിന്റെ (47) മൃതദേഹം മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്ക് സമീപം തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് അനുമാനം.
കഴിഞ്ഞ ദിവസമാണ് സാജൻ സാമുവലിനെ കാണാനില്ലെന്ന് പറഞ്ഞ് ‘അമ്മ മേലുകാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം തേക്കിൻകൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിർണായകമായി. ജനുവരി 30ന് രാത്രി എരുമാപ്രയിൽനിന്ന് കേടായ പന്നിമാംസമെന്ന് പറഞ്ഞ് തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം തേക്കിൻകൂപ്പിലെ ട്രാൻസ്ഫോർമറിനുസമീപം ഇറക്കിയത്.
തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ വിവരം തന്റെ പിതാവിനോട് പറഞ്ഞു. പിതാവ് ഈ കാര്യം കാഞ്ഞാർ എസ്.ഐ ബൈജു പി. ബാബുവിനെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇവിടെ കുഴിച്ചിടാനായി കുഴിയെടുക്കാൻ ശ്രമം നടത്തിയതായും സൂചനയുണ്ട്. മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി.