ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു കുഞ്ഞിൻറെ ക്രൂരമായ കൊലപാതകം നടന്നത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ ശരണ്യ ജാമ്യത്തിലായിരുന്നു. കണ്ണൂരിൽ പ്രവേശിക്കരുത് എന്നായിരുന്നു ജാമ്യ വ്യവസ്ഥ. തുടർന്ന് കേരളത്തിന് പുറത്തായിരുന്നു ഇവരുടെ താമസം. വിചാരണ തുടങ്ങനിരിക്കെ ഇന്നലെയാണ് ഇവർ കേരളത്തിലേക്ക് വന്നത്.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാനാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ശരണ്യയുടെ കൊടും ക്രൂരകൃത്യം. ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിന്റെ അച്ഛന്റെ നേര്‍ക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും പൊലീസ് സത്യം തെളിയിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.