പത്തനംതിട്ട പീഡനം; വിവരം പുറത്തെത്തിച്ചത് കുടുംബശ്രീ സ്നേഹിത പ്രവർത്തകർ
പ്രായപൂർത്തിയാകും മുമ്പ് 60 ലേറെ ആളുകൾ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത് കുടുംബശ്രീയുടെ ഗൃഹസന്ദർശന പരിപാടിയായ സ്നേഹിതയുടെ പ്രവർത്തകരോട്. സ്നേഹിത പ്രവർത്തകർ ഈ സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
തുടർന്ന് സിഡബ്ല്യുസി നിയോഗിച്ച കൗൺസിലും പൊലീസും കുട്ടിയുടെ മൊഴിയെടുക്കുകയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പത്തനംതിട്ട ഡിഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇപ്പോൾ 18 വയസും മൂന്ന് മാസവും പ്രായമുണ്ടെങ്കിലും 2019 ൽ പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോൾ മുതൽ ആരംഭിച്ച പീഡന പരമ്പരയിൽ മിക്കതും 18 വയസ് പൂർത്തിയാകുന്നതിന് മുൻപ് സംഭവിച്ചതാണ്.
പ്രക്കാനം – വലിയവട്ടം സ്വദേശികളായ നാല് യുവാക്കളാണ് നിലവിൽ അറസ്റ്റിലായത്. സുബിൻ (24), സന്ദീപ് (30) അനന്ദു (21) അച്ചു ആനന്ദ് (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സുധി (24) മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്. പ്രതികളിലൊരാളുടെ വിവാഹത്തിന് ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. മറ്റൊരാളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമാണ് ആയിട്ടുള്ളത്.