പൊലീസിനെ തള്ളി നിലത്തിട്ടു; കോടതിയിലെത്തിയ പോക്സോ പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം കോടതിയിൽ നിന്ന് പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു. ഇരവിപുരം സ്വദേശി അരുൺ ആണ് കോടതിയിൽ നിന്നിറങ്ങി ഓടിയത്. ഇന്ന് രാവിലെ പോക്സോ കേസിൽ ഹാജരാക്കാന്‍ എത്തിയപ്പോൾ ആയിരുന്നു സംഭവം നടന്നത്. കേസിലെ നടപടികൾക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ ആരും കാണാതെ പുറത്തേക്ക് കടന്ന പ്രതി പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വെള്ള ടീ ഷർട്ടും നീല ജീൻസും ആയിരുന്നു പ്രതി രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്ന വസ്ത്രം. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അരുൺ എത്താൻ സാധ്യതയുള്ള എല്ലാ വീടുകളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.