വേടൻറെ വീട്ടിൽ നിന്നും മൊബൈൽ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഇത് സംഘടിതമായ ആക്രമണമെന്നും, പരാതി നൽകുമെന്ന ഭീഷണി തനിക്കും മാനേജർക്കും ലഭിച്ചെന്നും വേടൻ

റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍, വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെയാണ് തൃക്കാക്കര പൊലീസ് വേടന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി വെച്ചിട്ടുണ്ട്.
ഡോക്ടറായ യുവതിയുടെ പരാതിയിലാണ് വേടനെതിരെ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തും വെച്ച് വേടന് പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്കി. 2023ലാണ് ടോക്സിക് ആണ് സ്വാര്‍ത്ഥയാണ് എന്നൊക്കെ ആരോപിച്ച് കൊണ്ട് വേടന് തന്നെ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി.
തന്നെ താറടിച്ചു കാണിക്കാൻ ഒരുകൂട്ടം ആളുകൾ നടത്തുന്ന സംഘടിതശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്റെ ജാമ്യ ഹർജിയിൽ പറയുന്നു. പരാതി നൽകുമെന്ന ഭീഷണിസന്ദേശങ്ങൾ തനിക്കും മാനേജർക്കും ഫോണിൽ ലഭിച്ചിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല എന്നും വേടൻ ഹർജിയിൽ പറയുന്നു.
കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയിൽ പറയുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, യുവ ഡോക്ടറുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നസുഹൃത്തുക്കളെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുക്കും. പ്രാഥമിക അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരണത്തിനുംശേഷം വേടനെ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. ഐ പി സി 376, 376 (2) തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് വേടന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ പറയുന്ന പീഡനം നടക്കുന്ന കാലത്ത് ഭാരതീയ ന്യായ സംഹിത നിലവിൽ ഇല്ലാത്ത കൊണ്ട് ഐപിസി പ്രകാരമാണ് കേസ് എടുത്തത്.
ഭാരതീയ ന്യായ സംഹിത ആയാലും, ഇന്ത്യൻ പീനൽ കോഡ് ആയാലും, നിയമം അതിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കുകയുള്ളൂ. അതിനാൽ തന്നെ വിവാഹ വാഗ്ദാനം നൽകി ലൈഗിക ബന്ധം നടത്തിയ ശേഷം, ആ വാഗ്ദാനത്തിൽ നിന്നും പിമാര്ന്നത് കുറ്റകരമാണ്.
എന്നാൽ ഇവിടുത്തെ ലൈംഗിക പീഡനം ഒരു ദിവസം മാത്രമല്ല രണ്ടു വർഷങ്ങൾ നീണ്ടു നിന്നതായാണ് പറയുന്നത്. പങ്കാളിയുടെ സമ്മതമില്ലാത്ത ലൈംഗികബന്ധവും പീഡനം തന്നെയാണ്. എന്നാൽ വാഗ്ദാനം നൽകിയ ശേഷമുള്ള ബന്ധത്തിൽ വിസമ്മതം കടന്നു വരുന്നില്ല. ഇത് ലിവിങ് ടുഗതർ ആയിരുന്നോ, കുറച്ച് നാളുകളായുള്ള പ്രണയബന്ധമായിരുന്നോ എന്നൊക്കെ വഴിയേ മനസ്സിലാകും.
വിദ്യാഭ്യാസമോ വിവരമോ ഇല്ലാത്ത ആളല്ല പീഡന വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തിൻറെ ചതിക്കുഴികൾ മനസ്സിലാക്കി, ഒഴിഞ്ഞ് മാറുന്ന സാധാരണക്കാരായ അനേകം പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട്. ഇപ്പോൾ പല കോടതികളുടെയും നാഴികക്കല്ലുകൾ എന്ന് പറയാവുന്ന തരത്തിലുള്ള പല വിധികളും വന്നിട്ടുണ്ട്. കൃത്യമായ തെളിവുകൾ ഇല്ലാതെ ഒരാളും ശിക്ഷിക്കപ്പെടരുത്. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെടാൻ പാടുള്ളൂ. കഴിഞ്ഞ ദിവസം നമ്മൾ കേട്ടതാണ് ജോസഫ് എന്ന 75 വയസുകാരൻ ഒരു തെറ്റും ചെയ്യാതെ, ഒരു പെൺകുട്ടിയുടെ മൊഴിയുടെ പിൻബലത്തിൽ മാത്രം 9 മാസം ജയിലിൽ കിടന്ന കഥ.