പ്രജ്വല്‍ രേവണ്ണയും പിതാവും തന്റെ അമ്മയെയും ബലാത്സംഗം ചെയ്തു, വീഡിയോ കോള്‍ ചെയ്ത് വസ്ത്രമഴിക്കാൻ ഭീഷണിപ്പെടുത്തി; പരാതിയുമായി യുവതി
കർണാടക ഹാസനിലെ ജെ.ഡി.എസ് എം.പിയും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി.
പ്രജ്വലും പിതാവും തന്റെ അമ്മയെയും വീട്ടുവേലക്കാരികളേയും ബലാത്സംഗം ചെയ്തെന്നും വീഡിയോ കോള്‍ വിളിച്ച് വസ്ത്രങ്ങള്‍ അഴിക്കാൻ ജെഡിഎസ് എം.പി തന്നെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.
2020, 2021 വർഷങ്ങളിലാണ് സംഭവം. അമ്മയുടെ ഫോണില്‍ വീഡിയോ കോളുകള്‍ ചെയ്ത് പ്രജ്വല്‍ രേവണ്ണ തന്നെയും അമ്മയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിക്കാൻ നിർബന്ധിച്ചതായി യുവതി പറയുന്നു. പ്രജ്വല്‍ നിരന്തരം വീഡിയോ കോള്‍ ചെയ്ത് എന്നോട് വസ്ത്രങ്ങള്‍ മാറ്റാൻ ആവശ്യപ്പെട്ടു. എന്റെ അമ്മയുടെ ഫോണിലാണ് വിളിച്ചിരുന്നത്. പറ്റില്ലെന്ന് ഞാൻ പറയുമ്ബോള്‍ എന്നെയും അമ്മയേയും ഇല്ലാതാക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞ കുടുംബം എന്നെ പിന്തുണയ്ക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു- യുവതി പറഞ്ഞു.
തന്റെ അമ്മയെ പ്രജ്വലും പിതാവ് എച്ച്.ഡി രേവണ്ണയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്നും യുവതി വ്യക്തമാക്കി. വഴങ്ങിയില്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഇരുവരും അമ്മയെ ഭീഷണിപ്പെടുത്തി. അച്ഛന്റെ ജോലി കളയുമെന്നും മകളായ എന്നെയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. വിഷയത്തില്‍ പരാതി നല്‍കിയതോടെ, പ്രതികള്‍ തന്റെ പിതാവിന്റെ ജോലി തെറിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.