സ്ത്രീകളുടെ ക്ലോക്ക് റൂമില്‍ ഒളികാമറ ഘടിപ്പിച്ച് പൂജാരി; കേസിനു പിന്നാലെ ഒളിവില്‍
ക്ഷേത്രത്തില്‍ സ്ത്രീകളുടെ ക്ലോക്ക് റൂമില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പൂജാരി ഒളിവില്‍. യു.പിയിലെ ഗാസിയാബാദിലുള്ള ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണു സംഭവം. ക്ഷേത്രത്തിലെ പൂജാരി മുകേഷ് ഗോസ്വാമിക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ്.
മുറിയില്‍ സ്ഥാപിച്ച സി.സി.ടി.വി മുകേഷിന്റെ മൊബൈല്‍ ഫോണുമായാണു ബന്ധിപ്പിച്ചിരുന്നത്. മൊബൈലില്‍ ഇയാള്‍ സ്ത്രീകളുടെ രഹസ്യരംഗങ്ങള്‍ കാണാറുള്ളതായാണ് പൊലീസിനു വിവരം ലഭിച്ചത്. സി.സി.ടി.വി ഡി.വി.ആറില്‍നിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങള്‍ പരിശോധിച്ചതില്‍ 75ഓളം സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം പതിഞ്ഞതായി വ്യക്തമായിട്ടുണ്ട്.
ക്ഷേത്രത്തോട് ചേർന്നുള്ള നദിയില്‍ കുളിക്കുന്ന തീർഥാടകർക്ക് വസ്ത്രം മാറാൻ സജ്ജീകരിച്ചതായിരുന്നു ക്ലോക്ക് റൂം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീയാണു മുറിയില്‍ ഒളികാമറ ഘടിപ്പിച്ചതായി സംശയം തോന്നി പൊലീസില്‍ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സി.സി.ടി.വി കാമറ കണ്ടെത്തുകയായിരുന്നു. കാമറ പൂജാരിയുടെ മൊബൈലുമായി ബന്ധിപ്പിച്ചതായും വ്യക്തമായി. ഇതിനിടെ, മുകേഷ് ഗോസ്വാമി ഒളിവില്‍ പോയിരുന്നു.