രാമേശ്വരം കഫേ സ്ഫോടനം: സൂത്രധാരനും ബോംബ് സ്ഥാപിച്ചയാളും അറസ്റ്റില്‍; പിടിയിലായത് ബംഗാളില്‍നിന്ന്
രാമേശ്വരം കഫേ സ്ഫോടനക്കസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മതീൻ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് എൻ.ഐ.എ സംഘം ഇവരെ പിടികൂടിയത്. സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.
മറ്റു പേരുകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് എൻ.ഐ.എ സംഘം ഇവരെ പിടികൂടുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുള്‍ മതീൻ താഹയാണെന്നാണ് വിവരം. മുസാഫിർ ഹുസൈൻ ഷാസിബാണ് ബോംബ് രാമേശ്വരം കഫേയില്‍ കൊണ്ട് വെക്കുന്നതും സ്ഫോടനം നടത്തുന്നതും. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെരീഫാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്.
ഇവർക്ക് ഒളിവില്‍ കഴിയാൻ സഹായം ലഭിച്ചത് എവിടെ നിന്നാണ് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇവർ സ്ഫോടനത്തിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് കടന്നതായുള്ള വിവരം നേരത്തേ തന്നെ എൻ.ഐ.എക്ക് ലഭിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.