തൊടുപുഴയിൽ ക്യാമ്പസിനകത്ത് സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; തള്ളി സ്കൂള്‍ അധികൃതർ

ഇടുക്കി തൊടുപുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. തൊടുപുഴ ടൗണിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്ന ദൃശ്യം പുറത്തുവന്നു.
രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു വിഭാഗം വിദ്യാർത്ഥികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 24-ാം തീയതി ആയിരുന്നു ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. അതേസമയം വിദ്യാർത്ഥി സംഘർഷത്തെക്കുറിച്ച് അറിയില്ലെന്ന് സ്കൂള്‍ അധികൃതർ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളോ വിദ്യാർത്ഥികളോ പരാതിയുമായി എത്തിയിട്ടില്ല എന്നും സ്കൂൾ പ്രിൻസിപ്പൽ സ്മിത പറഞ്ഞു. നിലവിൽ മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ തങ്ങൾക്ക് കിട്ടിയിട്ടില്ല എന്നും ദൃശ്യങ്ങൾ ലഭിച്ചാല്‍ പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.