പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റില്‍
ലൈംഗികാരോപണം നേരിടുന്ന മുൻ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും ജനതാദള്‍ (സെക്കുലർ) എംഎല്‍സിയുമായ സൂരജ് രേവണ്ണ (37) അറസ്റ്റില്‍.
പാർട്ടി പ്രവർത്തകൻ നല്കിയ ലൈംഗിക പീഡനെ പരാതിയെ തുടർന്നാണ് കർണാടക പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 16 ന് ഫാം ഹൗസില്‍ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് ഹാസൻ ജില്ലയിലെ ഹോളനരസിപുര പൊലീസ് സ്റ്റേഷനില്‍ 27കാരനായ ജെഡി (എസ്) പ്രവർത്തകൻ പരാതി നല്‍കിയത്.
ഹോളനരസിപുര എംഎല്‍എ എച്ച് ഡി രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ. ഐപിസി സെക്ഷൻ 377, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹൊലേനരസിപുര പൊലീസ് ശനിയാഴ്ച വൈകിട്ടോടെ സൂരജ് രേവണ്ണയ്ക്കെതിരെ കേസെടുത്തത്. എന്നാല്‍, സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു.
തന്നില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നല്‍കിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. തുടർന്ന് സൂരജ് രേവണ്ണയുടെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയില്‍ വെള്ളിയാഴ്ച പാർട്ടി പ്രവർത്തകനെതിരെ പൊലീസ് പണം തട്ടിയതിന് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാള്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് അത് രണ്ട് കോടിയായി കുറച്ചതായും ആരോപണമുണ്ട്.
പൊലീസ് കസ്റ്റഡിയിലുള്ള മുൻ ഹാസൻ എംപി പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ്. ഹാസൻ ലോക്സഭ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട പ്രജ്വല്‍, ബലാത്സംഗ കേസില്‍ മെയ് 31 നാണ് അറസ്റ്റിലായത്.