സിദ്ദിഖിന് ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി; ഉപാധികളോടെ ഇടക്കാല ജാമ്യം
ലൈംഗിക പീഡനക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികള്‍ അനുസരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ഉപാധികള്‍ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞാണ് സുപ്രീം കോടതിയുടെ നടപടി. കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വിചാരണ കോടതി മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ക്ക് ബാധകമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്കാൻ കാലതാമസമുണ്ടായത് കണക്കിലെടുത്താണ് കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനം എന്തു ചെയ്യുകയാണെന്നും കോടതി ചോദിച്ചു. കേസില്‍ കക്ഷിചേരാൻ ശ്രമിച്ചവരെ കോടതി ശാസിച്ചു. ഇവർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരും നടിയും സിദ്ദിഖിന്റെ ആവശ്യത്തെ ശക്തമായി എതിർത്തെങ്കിലും ഹർജിയില്‍ നോട്ടീസ് അയച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.