സ്വപ്നയുടെയും സരിത്തിന്റെയും ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു; കേസിൽ സരിത്തിനെ പ്രതിചേർത്തേക്കും, നാളെ വീണ്ടും ചോദ്യം ചെയ്യും
ഗൂഢാലോചനക്കേസിൽ സ്വപ്ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. കേസിൽ സരിത്ത് പ്രതിയായേക്കും. ചോദ്യം ചെയ്യുന്നതിനായി നാളെ വീണ്ടും ഹാജരാവാൻ കോടതി സരിത്തിന് നിർദേശം നൽകി. കെ ടി ജലീൽ നൽകിയ പരാതിയിൽ പി സി ജോർജും സ്വപ്നയുമാണ് നിലവിലെ പ്രതികൾ.
ക്രൈം നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടന്നതെന്നാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായർ ഇന്ന് വെളിപ്പെടുത്തിയത്. സ്വപ്നയെ കൂടാതെ പി സി ജോർജ്, ക്രൈം നന്ദകുമാർ, പി എസ് സരിത്ത് എന്നിവർ ഗൂഢാലോചനയിൽ ഭാഗമായി. പി സി ജോർജിന് പിന്നിൽ അദ്ദേഹത്തേക്കാൾ കരുത്തരായ ചില ആളുകളുണ്ട്. എന്തിനാണ് തന്റെ പേര് നേരിട്ട് ഒരു ബന്ധവുമില്ലാത്ത ഈ കേസിലേക്ക് വലിച്ചിട്ടതെന്ന് അറിയില്ലെന്നും സരിത പറഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് ഗൂഢാലോച കേസിൽ സരിത മൊഴി നൽകിയത്. കേസിലെ സാക്ഷിയാണ് സരിത. ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നത്.
സ്വർണക്കടത്ത് കേസിന്റെ വ്യാപ്തി വളരെ വലുതാണെന്നും സ്വർണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണെന്നുമാണ് സരിത പറയുന്നത്. ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണെന്നുമാണ് സരിത ആവർത്തിച്ചു പറയുന്നത്.
Content Highlights: Swapna And Sarith Questing on Conspiracy