മദ്യ ലഹരിയിലായിരുന്നു വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
തിരുവനന്തപുരം: വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ സ്വദേശി വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്. വിജിലൻസ് സി ഐ അനൂപ് ചന്ദ്രനെതിരെയാണ് വിനോദ് പരാതി നൽകിയിരിക്കുന്നത്.കഴക്കൂട്ടം പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത് .മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിറ്റി ഗ്യാസ് ലൈനിന്റെ നിർമ്മാണത്തിനായി റോഡ് ബ്ലോക്ക് ചെയ്തതാണ് മർദ്ദനത്തിനു കാരണമെന്നു പരാതിയില്‍ ആരോപിക്കുന്നു. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈനിന്റെ നിർമ്മാണം. അദിതി സോളാർ ഗ്യാസ് ഏജൻസിയുടെ പിആർഒ ആണ് ഇദ്ദേഹം. സി ഐ അനൂപ് ചന്ദ്രൻ മദ്യ ലഹരിയിലായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. അതേസമയം വിനോദ് തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് സിഐയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.