പണം തട്ടിയിട്ടില്ല, പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല; പ്രതികരണവുമായി ശ്രീശാന്ത്
കര്‍ണാടകയില്‍ വില്ല നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് താൻ പണം തട്ടിയെന്ന പരാതിയില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ കവിത തിയേറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലനാണ് കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പരാതി നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നല്‍കാമെന്നു പറഞ്ഞ് ഉടുപ്പി സ്വദേശികളായ രാജീവ് കുമാര്‍(50), കെ വെങ്കിടേഷ് കിനി (45) എന്നിവര്‍ 18,70,000 രൂപ വാങ്ങിയെന്നാണ് പരാതി. വില്ല ലഭിക്കാതായതോടെ വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം പറഞ്ഞ സ്ഥലത്ത് ശ്രീശാന്ത് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുന്നുണ്ടെന്നും അതിന്റെ ഭാഗമാക്കാമെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ശ്രീശാന്ത് പരാതിക്കാരനെ നേരിട്ട് കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ശ്രീശാന്ത് ഈ വാഗ്ദ്ധാനത്തില്‍ നിന്ന് പിറകോട്ട് പോയി. മാത്രമല്ല പണം തിരികെ നല്‍കാനും തയ്യാറായില്ല. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.