തിരുവല്ല അര്‍ബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്: മുൻ വനിതാ മാനേജര്‍ അറസ്റ്റില്‍
തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ വ്യാജ ഒപ്പിട്ട് നിക്ഷേപ തട്ടിപ്പ് നടത്തിയ മുൻ മാനേജരെ പൊലീസ് അറസ്റ്റുചെയ്തു. പ്രീത ഹരിദാസ് ആണ് അറസ്റ്റിലായത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രീതയെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മുൻകൂര്‍ ജാമ്യം തള്ളിയശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ ഹൈക്കോടതി പ്രീതയോട് നിര്‍ദ്ദേശിച്ചിരുന്നു.
നിക്ഷേപകയുടെ ആറേമുക്കാല്‍ ലക്ഷം രൂപയാണ് പ്രീത വ്യാജ ഒപ്പിട്ട് കൈക്കലാക്കിയത്. 2015 ലാണ് തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അര്‍ബൻ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചത്. 2022 ഒക്ടോബറില്‍ പലിശ ഉള്‍പ്പടെ ആറേമുക്കാല്‍ ലക്ഷം രൂപ പിൻവലിക്കാൻ അപേക്ഷ നല്കി. ജീവനക്കാര്‍ അസല്‍ രേഖകള്‍ ഉള്‍പ്പടെ വാങ്ങിവച്ചെങ്കിലും പണം കൊടുത്തില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി തന്നെ പണം തട്ടിയതെന്ന് വ്യക്തമായത്. പൊലീസിനെ സമീപിച്ചെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല. ഉന്നത സി പി എം നേതാവിന്റെ ഒത്താശയോടെയാണ് പണം തട്ടിയതെന്നാണ് നിക്ഷേപകയുടെ ആരോപണം.