കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവം ; താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ രണ്ട് ലഹരിമരുന്ന് പൊതികള്‍
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മരിച്ച പ്രതിയുടെ വയറിനുള്ളില്‍ നിന്നും രണ്ട് ലഹരിമരുന്ന് പൊതികള്‍ കണ്ടെത്തി. ആമാശയത്തില്‍ നിന്നുമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ രണ്ട് പ്ലാസ്റ്റിക്ക് കവറുകള്‍ കിട്ടിയത്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. പൊതികള്‍ പരിശോധനയ്ക്കായി ലാബിലേക്കയച്ചിട്ടുണ്ട്.
ജിഫ്രിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച അന്വഷണം ഉടനെയുണ്ടാകും. കസ്റ്റഡി മരണം ക്രെെംബ്രാഞ്ച് എസ്.പി അന്വേഷിക്കും. താനൂരില്‍ കസ്റ്റഡിയിലുള്ള പ്രതി മരിച്ച സംഭവത്തില്‍, നടപടി ക്രമങ്ങളിലെ വീഴ്ച്ചയെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ലഹരി കേസ് നാര്‍ക്കോട്ടിക് ഡിവൈഎസ്പിയും അന്വേഷിക്കും.
താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. ഇയാള്‍ ലഹരി കടത്ത് കേസിലാണ് പ്രതി പിടിയിലായത്. താമിര്‍ ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്.