സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാര്‍ വേണം, 21 ലക്ഷം രൂപ ലഭിച്ചില്ല; ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു
സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പരാതി. ഉത്തർപ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കരിഷ്മ വീട്ടില്‍ വിളിച്ച് ഭർത്താവ് വികാസും അയാളുടെ കുടുംബവും ചേർന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മർദ്ദിക്കുന്നതായി പറഞ്ഞു. തുടർന്ന് യുവതിയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
2022 ഡിസംബറിലാണ് വികാസും കരിഷ്മയും വിവാഹിതരായത്. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് മൂന്നിലെ ഖേദ ചൗഗൻപൂർ ഗ്രാമത്തില്‍ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്. വിവാഹ സമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയും സ്വർണവും ഒരു എസ്യുവി കാറും സ്ത്രീധനമായി നല്‍കിയിരുന്നതായി കരിഷ്മയുടെ സഹോദരൻ ദീപക് പറഞ്ഞു.
എന്നാലും വികാസിന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വർഷങ്ങളോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. കരീഷ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും ഈ പീഡനം തുടർന്നു. പിന്നാലെ നാട്ടിലെ പഞ്ചായത്ത് കൂട്ടം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. തുടർന്ന് കരിഷ്മയുടെ കുടുംബം ഒരു 10 ലക്ഷം രൂപ കൂടി വികാസിന് നല്കി. അടുത്തിടെ ഒരു ഫോർച്യൂണർ കാർ വാങ്ങാൻ വേണ്ടി 21 ലക്ഷം രൂപ വികാസിന്റെ കുടുംബം വീണ്ടും യുവതിയോട് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് കരിഷ്മയെ മർദ്ദിച്ചതെന്ന് ദീപക് ആരോപിച്ചു.