15 വയസുള്ള പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത സ്ത്രീകൾക്ക് മർദ്ദനം ,മർദ്ദിച്ചയാൾ അറസ്റ്റിൽ

റെയിൽവെ സ്റ്റേഷനിൽ സ്ത്രീകളെ പരസ്യമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. പാലക്കാട് നൂറണി സ്വദേശി കിരൺ എം(48) എന്നയാളാണ് സ്ത്രീകളെ തല്ലിയത്. 15 വയസുള്ള പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത സ്ത്രീകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റിമാൻഡിലാണ്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല. നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്.
തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. അതുകഴിഞ്ഞ് സ്റ്റേഷനിൽ എത്തിക്കവെ വാഹനത്തിൽ നിന്നിറക്കുമ്പോൾ ഇയാളെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച അഞ്ചുപേരെയും പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ ശ്രീറാം (31), റാഷിദ് (24), ബഷീർ (23), നിഷാദ് (23), ആഷിഖ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണിവർ. ആറുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.